
കൊച്ചി : വേനല്‍മഴയില്‍ നദികളിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരുന്നത് പ്രളയസൂചനയായി വിലയിരുത്തല്‍. പ്രളയാനന്തരം നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ എക്കല്‍മണ്ണും മണലും നീക്കം ചെയ്യാത്തതാണ് സാധാരണ മഴയില്‍പ്പോലും നദികള്‍ നിറഞ്ഞൊഴുകാന്‍ ഇടയാക്കുന്നത്.
തുടര്‍ച്ചയായി മൂന്നോ നാലോ ദിവസം 10 മുതല്‍ 15 സെന്റീ മീറ്റര്‍ മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ നദികള്‍ കരകവിഞ്ഞ് പ്രളയമുണ്ടായേക്കാമെന്നു കുസാറ്റ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം ചൂണ്ടിക്കാട്ടി.
2018 ല്‍ തുടര്‍ച്ചയായ അഞ്ചുദിവസം 15 നും 18 സെന്റീമീറ്ററിനുമിടയില് മഴ പെയ്തപ്പോഴായിരുന്നു പ്രളയമുണ്ടായത്. 2019 ല്‍ മൂന്നു ദിവസത്തോളം അടുപ്പിച്ച് 15 സെന്റീമീറ്റര്‍ പെയ്ത മഴ പ്രളയത്തില്‍ കലാശിച്ചു.
കോവിഡില്‍ മാത്രം ശ്രദ്ധയുന്നിയതുമൂലം മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്തും. ഈയൊരു സാഹചര്യത്തില്‍ അടുപ്പിച്ച് മൂന്നു ദിവസം കാലവര്‍ഷം കോരിച്ചൊരിഞ്ഞാല്‍ പ്രളയത്തിനിടയാക്കുമെന്നും കുസാറ്റ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
2018, 19 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തെത്തുടര്‍ന്നു നദികളുടെ അടിത്തട്ടിലും തീരത്തും വന്‍തോതില്‍ എക്കല്‍മണ്ണും മണലുമാണ് അടിഞ്ഞു കൂടിയത്. പ്രധാന നദികളായ പെരിയാര്‍, മൂവാറ്റുപുഴ, പമ്പ, മണിമലയാര്‍, മീനച്ചിലാര്‍ തുടങ്ങിയ നദികളിലെ അടിത്തട്ടില്‍ എക്കല്‍മണ്ണിന്റെ വന്‍ ശേഖരമാണ് വന്നടിഞ്ഞിട്ടുള്ളത്. നദികള്‍ക്കു പുറമേ പ്രധാന അണക്കെട്ടുകളുടെ സംഭരണശേഷിയും മണ്ണും മണലും അടിഞ്ഞതുമൂലം കുറഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ചെറുതും വലുതുമായി നാലായിരത്തില്‍പ്പരം മണ്ണിടിച്ചിലുകളുണ്ടായി. ഇതില്‍നിന്ന് ഒലിച്ചിറങ്ങിയ മണ്ണിന്റെ ഏറിയപങ്കും നദികളിലാണ് അടിഞ്ഞിട്ടുള്ളത്.
പെരിയാറിന്റെ സംഭരണശേഷിയുടെ 50 ശതമാനത്തോളം എക്കലും മണലും അപഹരിച്ചുകഴിഞ്ഞതായിട്ടാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി പെയ്യുന്ന വേനല്‍മഴയില്‍ മാത്രം പെരിയാറില്‍ 80 സെന്റീമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നത് ഇതിന്റെ ഉദാഹരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
എക്കലടിഞ്ഞ് ചെറുതുരുത്തുകള്‍ ആലുവയ്ക്കു സമീപം പെരിയാറില്‍ രൂപമെടുത്തിട്ടുണ്ട്. ഇത് നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തുമെന്നും കാലവര്‍ഷത്തില്‍ വെള്ളമുയര്‍ന്നാല്‍ പെരിയാര്‍ ദിശമാറിയൊഴുകിയേക്കാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇക്കുറി സാധാരണയോ അതില്‍ അല്പം കുടുതലോ ആയ കാലവര്‍ഷമാണ് കേന്ദ്ര കാലാവസ്ഥാ ഗവേഷണകേന്ദ്രം പ്രവചിച്ചിട്ടുള്ളത്.
എക്കല്‍ നീക്കാനുള്ള നിര്‍ദേശം നടപ്പിലായില്ല
പ്രളയശേഷം നദികളിലെ എക്കലും മണ്ണും നീക്കണമെന്ന മന്ത്രിസഭാ തീരുമാനം ഇതുവരെ പാലിക്കപ്പെട്ടില്ല. അടിഞ്ഞുകൂടിയ മണ്ണും മണലും അണക്കെട്ടുകളില്‍നിന്ന് വാരിമാറ്റണമെന്നായിരുന്നു മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലെടുത്ത തീരുമാനം. 2018 ലെ പ്രളയശേഷം അധികമായി വന്ന എക്കലും മണലും നീക്കണമെന്നായിരുന്നു നിര്‍ദേശം. 2019 ലെ പ്രളയത്തിനുശേഷം ചേര്‍ന്ന യോഗത്തിലും സമാന തീരുമാനമുണ്ടായിട്ടും തുടര്‍നടപടിയുണ്ടായില്ല.
നഷ്ടം 200 കോടി
ഡാമുകളില്‍നിന്നും പുഴകളില്‍നിന്നും മണല്‍ നീക്കുമ്പോള്‍ ഖജനാവിലേക്ക് 200 കോടിയുടെ വരുമാനം ലഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, മണല്‍ നീക്കാതെ വന്നതോടെ ഈ തുക സര്‍ക്കാരിനു ലഭിച്ചില്ല.
2018 ലെ പ്രളയത്തില്‍ പമ്പയില്‍ വന്‍ മണല്‍ശേഖരം രൂപപ്പെട്ടിരുന്നു. എന്നാല്‍, 2019 ലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതിലേറെയും ഒലിച്ചുപോയി. സമാന സ്ഥിതിയാണ് പെരിയാറിലും മൂവാറ്റുപുഴയാറിലും മീനച്ചിലിലും സംഭവിച്ചത്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാന കാലത്താണ് നദികളില്‍നിന്ന് മണല്‍ വാരുന്നത് നിരോധിച്ചത്. പാരിസ്ഥിതികാനുമതി ലഭിക്കാതിരുന്നതാണ് കാരണം.
ഫ്ളഡ് മാപ്പിങ് നടത്താത്തത് തിരിച്ചടി
പ്രളയസാധ്യതയുള്ള സ്ഥലങ്ങള്‍ നിര്‍ണയിക്കണമെന്ന ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം പൂര്‍ണമായി നടപ്പിലായിട്ടില്ല. പ്രളയസാധ്യതയുള്ള പ്രദേശങ്ങള്‍ മാര്‍ക്ക് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.
ബൈജു ഭാസി






