കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേക്ക് ശ്രമിക് ട്രെയിന്‍ അയയ്ക്കരുതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പോലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഉംപുണ്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മമതാ ബാനര്‍ജി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ജില്ലാ ഭരണകൂടങ്ങളെല്ലാം ഉംപുണ്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ശ്രമിക് ട്രെയിനില്‍ എത്തുന്നവരെക്കൂടി സ്വീകരിക്കാനോ സൗകര്യങ്ങള്‍ ഒരുക്കാനോ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ മെയ് 26 വരെ പശ്ചിമ ബംഗാളിലേക്ക് ശ്രമിക് ട്രെയിനുകള്‍ അയയ്ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും മമത പി.ടി.ഐയോട് പറഞ്ഞു.
ട്രെയിനുകളില്‍ വരുന്ന ആയിരക്കണക്കിന് പേര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി റെയില്‍വേയ്ക്ക് കത്ത് നല്കി. അതേസമയം പശ്ചിമ ബംഗാളിലും ഒഡീഷയിലും വീശിയടിച്ച ഉംപുണ്‍ ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ബംഗാളിലെ 60 ശതമാനം ജനങ്ങളെ ബാധിച്ച ഉംപുണ്‍ കാറ്റില്‍ 86ഓളം പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്.






