
കുമാരനാശാന്റെ കരുണയെ നാടകമായും സിനിമയായും മലയാളികള്‍ കണ്ടിട്ടുണ്ട്. ഗായകന് യേശുദാസിന്റെ പിതാവ് അഗസ്റ്റിന് ജോസഫ് അടക്കമുള്ളവര്‍ കരുണയില്‍ നായകന്മാരായി.
കരുണ എന്ന കാവ്യശില്പ്പത്തിന് മലയാളികള്‍ക്കിടയിലെ സ്വീകാര്യതയത്രയും നാടകത്തിനു ലഭിച്ചു. എന്നാല്‍ സിനിമയാക്കിയപ്പോള്‍ അതുണ്ടായില്ല. 1966-ല്‍ കെ.തങ്കപ്പന് സംവിധാനം ചെയ്ത കരുണയില്‍ തിക്കുറിശി, ഉമ്മര്‍, മധു, ദേവിക തുടങ്ങിയവരാണ് അഭിനയിച്ചത്. നായിക വാസവദത്ത ദേവികയും നായകന് ഉപഗുപ്തന് ഉമ്മറുമായിരുന്നു.
ഒ.എന്‍.വി.യുടെ മനോഹരഗാനങ്ങളും അതിന് ദേവരാജന്‍ നല്കിയ ഈണങ്ങളും മലയാളികള്‍ക്ക് ലഭിച്ച ഗാനോപഹാരങ്ങളായി. 'വാര്‍ത്തിങ്കള്‍ തോണിയേറി...', 'എന്തിനീ ചിലങ്കകള്‍', 'മധുരാപുരിയൊരു മധുപാത്രം..' തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ ചുണ്ടുകളില്‍ നൃത്തം ചെയ്യുന്നു.
സിനിമയുടെ സംവിധാനം തങ്കപ്പന് പ്രതീക്ഷിച്ചതിലും നന്നായി നിര്വഹിച്ചൂവെന്ന് നിരൂപകര്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ തിരക്കഥയെഴുതിയ വൈക്കം ചന്ദ്രശേഖരന് നായരെ നിരൂപകര്‍ വെറുതെ വിട്ടില്ല. ആശാനെക്കാളും വലിയ ആശാനാകാന്‍ ശ്രമിച്ചെന്ന ആരോപണം അദ്ദേഹത്തിന് നേരെ അവര്‍ തൊടുത്തുവിട്ടു. മൂലകഥയില്‍ നിന്ന് വ്യതിചലിച്ച് തിരക്കഥയെഴുതിയതാണ് നിരൂപകരെ പ്രകോപിപ്പിച്ചത്. കരുണയെഴുതാന് ആശാന് പ്രചോദനമായത് ഡോ. പാള്‍ കാറസിന്റെ 'ദി ഹോസ്പിറ്റല്‍ ഓഫ് ബുദ്ധ' എന്ന കൃതിയാണ്.
ഇതിലും ആശാന്റെ കൃതിയിലുമില്ലാത്ത തിരക്കഥയാണ് ചന്ദ്രശേഖരന് നായരെഴുതിയത്.
കരുണയുടെ തുടക്കത്തില്‍ തന്നെ ഉപഗുപ്തനെ വാസവദത്ത കാണുന്നുണ്ട്. തോഴിയെ അയച്ച ശേഷമുള്ള അവളുടെ കാത്തിരിപ്പും അതോടൊപ്പമുണ്ട്. ആശാന് ഇങ്ങനെ എഴുതിയപ്പോള്‍ ചന്ദ്രശേഖരന് നായരാകട്ടെ, ആദ്യത്തെ കുറേ രംഗങ്ങളില്‍ വാസവദത്തയുടെ സൗന്ദര്യവര്‍ദ്ധനയ്ക്ക് വേണ്ടിയാണ് തൂലിക ചലിപ്പിച്ചത്. അതിനുശേഷമാണ് ഉപഗുപ്തനെ വാസവദത്ത കാണുന്നതും തോഴിയെ അയയ്ക്കുന്നതും.
'കുഞ്ജുബാണന് തന്റെ പട്ടം കെട്ടിയ രാജ്ഞി പോലൊരു മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി' എന്ന വരികളില്‍ ആശാന് വാസവദത്തയെ ഇരിക്കുന്ന അവസ്ഥയിലാണ് വര്‍ണിക്കുന്നത്. ചന്ദ്രശേഖരന് നായരാകട്ടെ വാസവദത്തയെ മലര്‍ത്തിക്കിടത്തി വര്ണിച്ചുകളഞ്ഞു.
വാസവദത്ത എന്ന അഭിസാരികയും ഉപഗുപ്തനെന്ന ബുദ്ധിസന്യാസിയുമാണല്ലോ കരുണയിലെ കേന്ദ്രകഥാപാത്രങ്ങള്‍.
പണക്കാരനായ ചെട്ടിയാരുമായുള്ള അവളുടെ അടുപ്പം മൂത്തപ്പോള്‍ തന്റെ സ്ഥിരം സന്ദര്‍ശകനായ തൊഴിലാളി നേതാവിനെ അവള് കൊല്ലിക്കുന്നതും തുടര്‍ന്ന് നീതിപീഠം അവള്‍ക്ക് നല്കുന്ന അംഗവിചേ്ഛദമെന്ന ശിക്ഷയും ആണ് കരുണയുടെ വായനയെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങള്‍. ഉപഗുപ്തനില്‍ ആകൃഷ്ടയായ അവള് ആ ബുദ്ധ സന്യാസിയെ ഭൗതിക സുഖങ്ങളുടെ മായാജാലങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നത് വായനക്കാരെ ജീവിതത്തിന്റെ ക്ഷണികതയിലേക്കും ധാര്മികബോധത്തിലേക്കും തിരിച്ചുവിടുന്നുണ്ട്.






