തിരുവനന്തപുരം: മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്ന റെയില്‍വേ മന്ത്രിയുടെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി. തീവ്ര മേഖലയില്‍ നിന്ന് എത്തുന്നവരെ സംസ്ഥാനം കരുതലോടെ സ്വീകരിക്കുമെന്നും ആരെയും പുറന്തളളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനാണ് സര്‍ക്കാരിന്‍െ്റ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നത്. രജിസ്ട്രേഷന് ചെയ്യുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനാണിത്. മറ്റ് പോംവഴികളില്ല. കാര്യങ്ങള്‍ കൈവിട്ട് പോയേക്കാം. മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ രോഗം വ്യാപിച്ചുകഴിഞ്ഞു. രാജ്യത്തിന്‍െ്റ പല ഭാഗത്ത് നിന്നും ട്രെയിനുകള്‍ കേരളത്തിലേക്ക് വരുന്നു. അതില്‍ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എവിടെ നിന്ന് വന്നാലും രജിസ്റ്റര്‍ ചെയ്ത് വരണം. ഇവിടെ എത്തുന്നവരെ റെയില്‍വേ സ്റ്റേഷനില്‍ പരിശോധിച്ച് ക്വാറന്‍്റീനില്‍ അയയ്ക്കുകയാണ്. അത് വീട്ടിലുമാകാം. വീട്ടില്‍ സൗകര്യമുണ്ടോയെന്ന് മനസിലാക്കണം. അതിന് ട്രെയിനില്‍ വരുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കണം. എന്നാല്‍ മാത്രമേ തീര്‍ച്ചപ്പെടുത്താനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അയയ്ക്കാന്‍ റെയില്‍വേ കഴിഞ്ഞ ദിവസം തീരുമാനിച്ചു. എന്നാല്‍ കേരളത്തെ വിവരം അറിയിച്ചിരുന്നില്ല. ഇക്കാര്യം റെയില്‍വേ മന്ത്രിയെ അറിയിച്ചു. എന്നാല്‍ റെയില്‍വേ മന്ത്രിയെ അറിയിച്ച ശേഷവും വീണ്ടും ട്രെയിന്‍ അയച്ചു. അതില്‍ രാഷ്ട്രീയമുണ്ട്. വീണ്ടും നീക്കമുണ്ടായപ്പോള്‍ പ്രധാനമന്ത്രിയെ തന്നെ വിവരം അറിയിക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.






