
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റ് ഭീഷണി മുന്നില്‍ക്കണ്ടു മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം ഊര്‍ജിതമാക്കി മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ്. കോവിഡ് പശ്ചാത്തലത്തില്‍ റിമാന്‍ഡ് തടവുകാരെ പരമാവധി ഒഴിവാക്കുന്നുണ്ട്. അതീവ ഗൗരവമായ കേസിലേ പ്രതികള്‍ക്ക് കോടതികള്‍ റിമാന്‍ഡ് തടവ് നിര്‍ദേശിക്കുന്നുള്ളു. ഇതു അനുകൂലമാക്കാനാണ് ശ്രമം. അഥവാ അറസ്റ്റിലായാല്പോലും ഗുരുതര രോഗമുണ്ടെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇബ്രാഹിംകുഞ്ഞിനു തുണയാകും. മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കുന്നതില് പ്രമുഖ അഭിഭാഷകന്റെ നിയമോപദേശം നേടിക്കഴിഞ്ഞു.
കോടതിയില്‍നിന്നു സമ്മര്‍ദ്ദമോ എതിരായ പരാമര്‍ശമോ ഉണ്ടായാല്‍ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടിവരും. അടുത്തമാസം എട്ടിനാണു കേസ് വീണ്ടും പരിഗണിക്കുന്നത്. ഈ ഘട്ടത്തില്‍ മറ്റു പ്രതികളെ അറസ്റ്റു ചെയ്യാത്തതെന്തെന്നു കോടതി ചോദിച്ചാല്‍ വിജിലന്‍സിന് മറുപടി പറയേണ്ടിവരും. ഇതു മുന്‍കൂട്ടികണ്ടു കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍നിന്ന് ആരോഗ്യസ്ഥിതി സംബന്ധിച്ചു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടെന്നാണു സ്ഥിരീകരിക്കാത്ത വിവരം. പാലം നിര്‍മാണത്തിനു കരാറുകാര്‍ക്കു തുക മുന്‍കൂറായി നല്കാന് മന്ത്രി വഴിവിട്ടു ശിപാര്‍ശ ചെയ്തുവെന്നാണ് ആരോപണം. കരാര്‍ നല്കാന് തീരുമാനിച്ച യോഗത്തിന്റെ മിനിറ്റ്സ് ബുക്കില്‍ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ടതാണു പ്രധാന തെളിവ്. തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. അതേസമയം, പരാതിക്കാരനെ വിളിച്ചു ഭീഷണിപ്പെടുത്താന്‍ ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശമുണ്ടെന്ന വിജിലന്‍സ് ആരോപണം കോടതി കാര്യമായി പരിഗണിച്ചാല്‍ ഇബ്രാഹിംകുഞ്ഞ് കുഴപ്പത്തിലായേക്കും.
പരാതിക്കാരനെ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നേരിട്ടു ഭീഷണിപ്പെടുത്തിയതിനു തെളിവില്ലെന്നു വിജിലന്‍സ്. എന്നാല്‍, അദ്ദേഹത്തിന്റെ അടുത്ത ബന്ധു ഉള്‍പ്പെടെ പരാതിക്കാരനായ ജി. ഗിരീഷ് ബാബുവിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്നും വിജിലന്‍സ് ഐ.ജി. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ.ജിക്കു െഹെക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തന്നെ വിളിച്ചതിന്റെ ശബ്ദരേഖയടങ്ങിയ പെന്‍ഡ്രൈവ് പരാതിക്കാരന് ഐ.ജിക്കു െകെമാറി. ഭീഷണിപ്പെടുത്തിയതു ശരിയെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇബ്രാഹിംകുഞ്ഞു നേരിട്ടു ചെയ്തുവെന്നതിനു തെളിവില്ല. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണു ചെയ്തതെന്നു പരാതിക്കാരനും വിജിലന്‍സും വാദിക്കുന്നു.





