
ന്യൂഡല്‍ഹി: കോവിഡ് ഉണ്ടാക്കിവെച്ച ലോക്ക്ഡൗണില്‍ വേലയും കൂലിയുമില്ലാതെ ജനസമൂഹം വലയുമ്പോള്‍ ഭക്ഷ്യക്ഷാമ ഭീതി വിതച്ച് വെട്ടുകിളി ആക്രമണവും രൂക്ഷമാകുന്നു. രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 100 ജില്ലകളിലെ വിളകള്‍ തിന്നു തീര്‍ത്തതിന് പിന്നാലെ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 12 ഇടങ്ങളിലേക്ക് കൂടി ഭീഷണി ഉയരുകയാണ്.
കാറ്റിന്റെ ദിശ മുതലാക്കി സഞ്ചരിക്കുന്ന വെട്ടുകിളികള്‍ ഒരു ദിവസവും കഴിച്ചു തീര്‍ക്കുന്നത് 35,000 പേര്‍ക്ക് ഒരു ദിവസം കഴിക്കാനുള്ള ഭക്ഷ്യ വസ്തുക്കളാണ്. ദിവസവും 150 കിലോമീറ്റര്‍ സഞ്ചരിക്കുന്ന വെട്ടുകിളി ഒരിടത്ത് എത്തിയാല്‍ ഒരു ചതുരശ്ര കിലോമീറ്റര്‍ ദൂരത്തിനകത്തെ മുഴുവന്‍ വിളകളും അകത്താക്കും. കാറ്റിന്റെ ഗതി മുതലാക്കി മണിക്കൂറില്‍ 16 കി.മീ. മുതല്‍ 19 കി.മീ വരെ വേഗതയിലാണ് പറക്കുന്നത്. ഇവ ഒരു പ്രത്യേക സ്ഥലത്ത വിന്യസിക്കുന്നതിനാല്‍ കീടനാശിന തളിക്കല്‍ പ്രയോഗിച്ചേ കൊന്നൊടുക്കാനാകൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.
വരും ആഴ്ചകളില്‍ ഡല്‍ഹി ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, തെലുങ്കാന, കര്‍ണാടക എന്നവിടങ്ങളിലേക്ക് കയറിവാരാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വരുന്നയാഴ്ച ഇത് ബീഹാറിലേക്കും ഒഡീഷയിലേക്കും കടക്കുമെന്നും അവിടുത്തെ വിളകള്‍ നശിപ്പിക്കുമെന്നും പറയുന്നു. വെട്ടുകിളി ആക്രമണത്തെ തടയാന്‍ കരുതലോടെ ഇരിക്കാന്‍ ഡല്‍ഹി തങ്ങളുടെ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മദ്ധ്യപ്രദേശില്‍ വിളകള്‍ നശിപ്പിച്ചതിന് പിന്നാലെ ജയ്പൂര്‍ വഴി മെയ് 25 ന് ഉത്തര്‍പ്രദേശിലും എത്തി.
മറ്റ് സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച് ഹിമാചല്‍ പ്രദേശിലേക്ക വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കാംഗ്ര, യുന, ബിലാസ്പൂര്‍, സോളാന്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെട്ടുകിളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ കൃഷി ഓഫീസറെ അറിയിക്കാനാണ് നിര്‍ദേശം. രാജസ്ഥാനില്‍ 26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം മേയിലാണു വെട്ടുക്കിളി ആക്രമണം ഉണ്ടാകുന്നത്. ഇക്കൊല്ലം ഫെബ്രുവരി വരെ നടന്ന ആക്രമണത്തില്‍ 20 ജില്ലകളിലായി 90,000 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണു നശിപ്പിക്കപ്പെട്ടത്. ആയിരം കോടി രൂപയുടെ കൃഷിനാശമാണു കണക്കാക്കിയിരിക്കുന്നത്. 22 ശതമാനം പച്ചപ്പുള്ള ഡല്‍ഹിയില്‍ ഇവ എത്തിയാല്‍ വന്നാശമുണ്ടാകുമെന്നാണു നിഗമനം.
രാജസ്ഥാന് ഉള്‍പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളില്‍ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ഹരിയാന ഏഴു ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിര്‍സയിലും ഫത്തേഹാബാദിലും ഹിസാറിലും ഭിമാനി, ചര്‍ക്കി ദാദ്രി, മഹേന്ദ്രഗര്‍, റെവാരി ജില്ലകളില്‍ ട്രാക്ടര്‍ ഉപയോഗിച്ചുള്ള മരുന്നു തളിക്കലും നടത്തിയിട്ടുണ്ട്. നൂറു കണക്കിന് കിലോമീറ്റര്‍ അകലെയുള്ള കര്‍ണാടകയിലും കര്‍ഷകര്‍ കരുതലിലാണ്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ നിന്നും ഇവിടേയ്ക്ക് വെട്ടുകിളികള്‍ ചൊവ്വാഴ്ച എത്തിച്ചേരുമെന്നാണ് ബിദാറിലുള്ള കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.
കര്‍ണാടകയിലേക്ക് ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതേസമയം കാറ്റിന്റെ ഗതി മാറിയാല്‍ വെട്ടുകിളികള്‍ കര്‍ണാടകയില്‍ നിന്നും മാറിപ്പോകും. കാര്‍ഷിക, പച്ചക്കറി രംംത്തെ ഡയറക്ടര്‍മാരുടേയും സീനിയര്‍ ഉദ്യോഗസ്ഥരുടെയും സംഘങ്ങള്‍ കലബുര്‍ഗി, ബിദാര്‍, കോപ്പല്‍, യാദ്ഗിര്‍ ജില്ലകള്‍ സന്ദര്‍ശിച്ചിരുന്നു. രാജസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം നല്ല മഴ പെയ്തതിനാല്‍ ഇവ കാറ്റില്‍ കിഴക്കന്‍ ഭാഗത്തേക്കാണ് പോയത്. അഥവാ കര്‍ണാടകയിലെ കൃഷിയിടങ്ങളിലേക്ക് വന്നാല്‍ തളിക്കാന്‍ പെസ്റ്റിസൈഡ് ക്ളോര്പെരിഫോസ് കരുതിയിട്ടുണ്ടെന്നും ഇത് തളിക്കുമെന്നും കൃഷിമന്ത്രി ബിസി പാട്ടീല്‍ പറയുന്നു.
വെട്ടുകിളി പ്രതിരോധത്തിനായി തെലുങ്കാന അഞ്ചംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട് ഫയര്‍ എഞ്ചിനുകള്‍, ജെറ്റിംഗ് മെഷീനുകള്‍, പിന്നെ കീടനാശിനി എന്നിവ ഉപയോഗിക്കാനാണ് തീരുമാനം. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ അതിര്‍ത്തികളില്‍ സുസജ്ജമാണ് തെലുങ്കാന. ഭദ്രാദ്രി കോദഗുഡെം, മുലുഗു, ജയശങ്കര്‍ ഭൂപല്‍പള്ളി, മഞ്ചേരിയല്‍, അസിഫാബാദ്, അദിലാബാദ്, പെഡപ്പിള്ളി ജില്ലകളിലും ഉദ്യോഗസ്ഥരോടും പോലീസിനോടും സജ്ജമാകാന്‍ പറഞ്ഞിട്ടുണ്ട്.
ഉത്തരാഖണ്ഡ് ജില്ലകളില്‍ കണ്ട്രോള് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഡ്രോണുകള്‍, ട്രാക്ടറുകള്‍ എന്നിവ ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗത്തിനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കിഴക്കന്‍ ആഫ്രിക്കയിലെ കാലാവസ്ഥാ വ്യതിയാനമാണ് വന്‍ തോതില്‍ വെട്ടുകിളി പ്രജനനത്തിന് കാരണമായത്. ഇതേ തുടര്‍ന്ന് ഇന്ത്യ, ചൈന, പാകിസ്താന് രാജ്യങ്ങള്‍ക്കാണ് ഭീഷണിയായത്. പാകിസ്താന് ഇപ്പോള്‍ തന്നെ കാര്‍ഷിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെട്ടുകിളി ആക്രമണത്തെ തുടര്‍ന്ന് രാജസ്ഥാനിലെ കാര്‍ഷിക മേഖലയില്‍ വലിയ ക്ഷാമമാണ് ഉണ്ടായത്. രാജസ്ഥാനിലം ഗുജറാത്തിലുമായി 300,000 ഹെക്ടറുകളിലെ വിളവാണ് വെട്ടുകിളികള്‍ ജനുവരിയില്‍ തിന്നു തീര്‍ത്തത്.
അടുത്ത മാസം മുതല്‍ നടീല്‍ തുടങ്ങാനിരിക്കെയാണ് പുതിയ ഭീഷണി. ഓര്‍ഗാനോ ഫോസ്ഫേറ്റ് എന്ന കെമിക്കല്‍ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ ഇവയെ കൊല്ലാനാകും. വാഹനത്തിലോ ആകാശത്തുകൂടിയോ ഹാന്റ് പമ്പ ുകള്‍ ഉപയോഗിച്ച് തളിച്ചോ ഇവയെ ഇല്ലാതാക്കാമെന്നും കര്‍ഷകര്‍ പറയുന്നു. അതിവേഗമാണു വെട്ടുക്കിളികള്‍ പെരുകുന്നത്. ഒരു വെട്ടുക്കിളിക്ക് 300 മുട്ടകള്‍ വരെ ഇടാനാകും. ഒരു ദിവസം 150 കിലോമീറ്റര്‍ പിന്നിടാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. രാത്രികാലത്ത് വെട്ടുക്കിളികള്‍ സഞ്ചരിക്കാറില്ല. ആ സമയത്ത് ഇവയെ കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്.
കാറ്റിന്റെ സഞ്ചാരപഥത്തിന് അനുകൂലമായി ദിവസം 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. കൃഷിയിടങ്ങളില്‍ സന്ധ്യയോടെ യാത്ര അവസാനിപ്പിച്ച് വിളകള്തിന്നു നാശമുണ്ടാക്കുകയാണു രീതി. പുല്‍ച്ചാടിക്കു സമാനമായി െകെവെള്ളയില് ഒതുങ്ങുന്ന ചെറുജീവിയാണ് വെട്ടുക്കിളി. പൂര്‍ണ വളര്ച്ചയെത്തിയാല് കൂട്ടത്തോടെ തീറ്റതേടി പറക്കും. രണ്ടാഴ്ചകൊണ്ടു ലക്ഷക്കണക്കിനു വെട്ടുകിളികളാണ് വിരിഞ്ഞിറങ്ങുന്നത്.
ഇവ മനുഷ്യരെയോ മൃഗങ്ങളെയോ ആക്രമിക്കില്ല. രോഗങ്ങള്‍ പരത്തുന്നതായും കണ്ടെത്തിയിട്ടില്ല. വെട്ടുക്കിളിക്കൂട്ടത്തിന് ഒരു ദിവസം കൊണ്ട് 3.4 കോടി മനുഷ്യര്‍ക്കാവശ്യമായ ധാന്യവും മറ്റും തിന്നുതീര്‍ക്കാന്‍ കഴിയുമെന്നാണ് ഐക്യരാഷ്ര്ട സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഓര്‍ഗെനെസേഷന്റെ കണക്ക്. കഴിഞ്ഞ വര്‍ഷവും വെട്ടുക്കിളി ശല്യമുണ്ടായെങ്കിലും ഫലപ്രദമായി നിയന്ത്രിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.






