കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ രണ്ട് ക്ഷേത്രങ്ങളുടെ മുന്നിലേക്ക് മാംസം വലിച്ചെറിഞ്ഞയാള്‍ അറസ്റ്റില്‍. കോയമ്പത്തുരിലെ വേണുഗോപാല കൃഷ്ണസ്വാമി ക്ഷേത്രത്തിനും ശ്രീ രാഗവേന്ദ്ര ക്ഷേത്രത്തിനും മുന്നിലേക്ക് മാംസം വലിച്ചെറിഞ്ഞ 48കാരനെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ കാവുണ്ടമ്പാലയം സ്വദേശിയായ എസ്. ഹരി രാംപ്രകാശ് എന്നയാളാണ് അറസ്റ്റിലായത്.
സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇയാള്‍ തൊഴില്‍രഹിതനായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് വാദം. എന്നാല്‍ മാനസികാസ്വാസ്ഥ്യം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ രേഖകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച കവുന്തപാളയത്ത് നിന്ന് ഇയാള്‍ ഒരു കിലോ പന്നി മാംസം വാങ്ങിയതായും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
ഹരി ഓംപ്രകാശിനെതിരെ 153 എ, 295 എ, 298 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി സിറ്റി പോലീസ് കമ്മീഷണര്‍ സുമിത് ശരണ്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ക്ഷേത്രങ്ങള്‍ക്ക് സമീപം ബൈക്കിലെത്തിയ ഇയാളെ വാഹന രജിസ്ട്രേഷന് നമ്പറിന്െ്റ അടിസ്ഥാനത്തിലാണ് പിടികൂടിയത്.






