
ന്യൂഡല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലകളിലേക്ക് കരസേന, ഇന്തോ - ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) എന്നിവയിലെ കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ച് ഇന്ത്യ. അതിര്‍ത്തിക്കപ്പുറം ചൈനയും പടയൊരുക്കം തുടരുകയാണെന്ന് ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സേനാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരമില്ലാത്ത അവസ്ഥയിലാണ് ഇന്ത്യ സേനാബലം കൂട്ടുന്നത്.
സേനാംഗങ്ങളുടെ എണ്ണം ഉയര്‍ത്തി ചൈന സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍, അതിര്‍ത്തിയിലുടനീളം ജാഗ്രത അനിവാര്യമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇതിനിടെ, അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടുന്നതിന്റേത് എന്ന പേരില്‍ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചൈനീസ് സേനയുടെ വാഹനം ഇന്ത്യ തടഞ്ഞുവച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍, വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്നു സേന വ്യക്തമാക്കി. അതിര്‍ത്തിയില്‍ അക്രമ സംഭവങ്ങളുണ്ടായിട്ടില്ലെന്നും സംഘര്‍ഷ സാഹചര്യം വഷളാക്കുന്ന തരത്തില്‍ വിഡിയോ പ്രചരിപ്പിക്കരുതെന്നും സേന കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാള്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഭേദഗതിയെ അനുകൂലിക്കുമെന്നു പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് വ്യക്തമാക്കി. നേപ്പാള്‍ ഭൂപടം ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വര്‍ധിപ്പിക്കുന്നത് ഇന്ത്യ അംഗീകരിക്കില്ലെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അടുത്തിടെ പറഞ്ഞിരുന്നു.






