
കൊൽക്കത്ത : ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും നിർഭാഗ്യവാൻമാരായ താരങ്ങളിലൊരാളാണ് ബംഗാളുകാരനായ മനോജ് തിവാരി. ദേശീയ ടീമിൽ കളിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടും അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോയ താരം. ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും മാത്രം കളിക്കാൻ ഭാഗ്യം ലഭിച്ച താരം. 12 ഏകദിനങ്ങളിൽനിന്ന് ഒരു സെഞ്ചുറിയുൂം ഒരു അർധസെഞ്ചുറിയും സഹിതം 26.09 ശരാശരിയിൽ നേടിയത് 287 റൺസ്. മൂന്ന് ട്വന്റി20കളിൽനിന്ന് 15 ശരാശരിയിൽ നേടിയത് 14 റൺസ്. കളിച്ച മൂന്നു ട്വന്റി20 മത്സരങ്ങളിൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ചത് ഒരു കളിയിൽ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്.
ഇതിനിടെ, ദേശീയ ടീമിൽ അവസരം ലഭിച്ചിട്ടും പരാജയപ്പെട്ട താരങ്ങളെ ഉൾപ്പെടുത്തി ഒരു ഇൻസ്റ്റഗ്രാം പേജിൽ പ്രസിദ്ധീകരിച്ച ‘പരാജയപ്പെട്ട താരങ്ങളുടെ ഇന്ത്യൻ ഇലവനി’ൽ മനോജ് തിവാരിയെയും ഉൾപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സുസ്മിത റോയ്. പരാജയപ്പെട്ട താരങ്ങളുടെ പട്ടികയിൽ തിവാരിയെ ഉൾപ്പെടുത്തിയതിനെ കടുത്ത ഭാഷയിലാണ് സുസ്മിത വിമർശിച്ചത്.
‘ഈ പ്രൊഫൈൽ തയാറാക്കിയത് ആരായാലും അവരെന്തു ധൈര്യത്തിലാണ് എന്റെ ഭർത്താവിനെ ഇതിലേക്കു വലിച്ചിഴച്ചത്. ആദ്യം പോയി കണക്കുകൾ പരിശോധിച്ചുനോക്കൂ. ആളുകളെക്കുറിച്ച് ഇതുപോലെ വൃത്തികേടുകൾ എഴുതിവിടുന്നതിനു പകരം ഈ ദുരന്ത ജീവിതത്തിൽ വേറെ എന്തെങ്കിലുമൊക്കെ ചെയ്യൂ. പോയി നല്ലതു വല്ലതും ചെയ്യ്’ – സുസ്മിത കുറിച്ചു.





