
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ളണ്ടും തമ്മില്‍ കളിച്ച ഇംഗ്ളണ്ടിനും പാകിസ്താനും ഏറെ നിര്‍ണ്ണായകമായിരുന്ന മത്സരം വീണ്ടും വിവാദമാകുന്നു. ടൂര്‍ണമെന്റില്‍ നിന്നും പാകിസ്താനെ പുറത്താക്കാന്‍ ഇന്ത്യ ഇംഗ്ളണ്ടിനോട് മനപ്പൂര്‍വ്വം തോറ്റു കൊടുത്തതാണെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖാണ്. ഈ മത്സരത്തെക്കുറിച്ച് വിവാദ പരാമര്‍ശവുമായി കഴിഞ്ഞയാഴ്ച ഇംഗ്ളീഷ് താരം ബെന്‍ സ്റ്റോക്സിന്റെ 'ഓണ്‍ ഫയര്‍' എന്ന പുസ്തകം പുറത്തുവന്നതോടെയാണ് പുതിയ വിവാദം.
ഇന്ത്യ ഇംഗ്ളണ്ടിന് വേണ്ടി തോറ്റു കൊടുക്കുകയായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്നും ഇക്കാര്യത്തില്‍ ഐസിസി ഇന്ത്യയ്ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അബ്ദുള്‍ റസാഖ് പറഞ്ഞു. സ്റ്റോക്സിന്റെ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പുസ്തകം 2019 ലോകകപ്പില്‍ ഇംഗ്ളണ്ടിന്റെ മുഴുവന്‍ കളിയുടേയും വിലയിരുത്തലാണ്. ഇന്ത്യയ്ക്കെതിരേയുള്ള മത്സരത്തെക്കുറിച്ച് സ്റ്റോക്സ് പറയുന്നത് മത്സരം ജയിക്കാനുള്ള ഒരു താല്‍പ്പര്യവും ധോനിയില്‍ നിന്നും കണ്ടില്ലെന്ന് പറഞ്ഞിരിക്കുന്ന സ്റ്റോക്സ് രോഹിത്ശര്‍മ്മയും വിരാട് കോഹ്ലിയുമായുള്ള കൂട്ടുകെട്ടിനെ 'നിഗൂഡത' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
കളി പാകിസ്താനെ ലോകകപ്പില്‍ നിന്നും പുറത്താക്കാന്‍ ഇന്ത്യ നടത്തിയ കളിയാണെന്നും ഇംഗ്ളണ്ടിനോട് മനപ്പൂര്‍വ്വം തോല്‍ക്കുകയായിരുന്നു എന്നുമാണ് പുസ്തകം പുറത്തു വന്നതോടെ പാക് താരങ്ങളുടെ പ്രതികരണം. ഇന്ത്യ മത്സരത്തില്‍ മുഴുവന്‍ മികവോടെ കളിച്ചില്ലെന്നാണ് റസാഖ് പാക് ന്യൂസ് ചാനലായ എആര്‍വൈ സ്പോര്‍ട്സിന്റെ വിലയിരുത്തലില്‍ പറഞ്ഞത്. മത്സരം തങ്ങളെല്ലാം കണ്ടതായിരുന്നു എന്നും ഇത് പ്രതീക്ഷിച്ചതാണെന്നും അബ്ദുള്‍ റസാഖ് പറഞ്ഞു. ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഐസിസി പിഴയിടണമെന്നാണ് തന്റെ അഭിപ്രായമെന്നും പറഞ്ഞു.
നോക്കൗട്ട് ഘട്ടത്തിലേക്ക് ഈ മത്സരം ഇംഗ്ളണ്ടിനും പാകിസ്താനും നിര്‍ണ്ണായകമായിരുന്നു. ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ പാകിസ്താന് എത്തുമായിരുന്നു. എന്നാല്‍ മത്സരം ജയിച്ച് ഇംഗ്ളണ്ട് എത്തി. മത്സരത്തില്‍ ഇന്ത്യ തോല്‍ക്കാനായിരുന്നു കളിച്ചതെന്ന് അബ്ദുള്‍ റസാഖ് പറഞ്ഞു. മികച്ച ബൗളര്‍മാര്‍ പോലും നിലവാരത്തില്‍ ബൗള്‍ ചെയ്തില്ല. ലൈനും ലംഗ്തും ഉണ്ടായിരുന്നില്ല. റണ്‍സുകളും വിട്ടുകൊടുത്തു. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. സിക്സും ഫോറും അടിക്കാന്‍ കഴിവുള്ള കളിക്കാരന് ഡിഫന്‍ഡ് ചെയ്യുന്നു.
പാകിസ്താന് നോക്കൗട്ടില്‍ എത്താതിരിക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം മത്സരം തോല്‍ക്കുകയായിരുന്നു. മത്സരത്തില്‍ ആതിഥേയരായ ഇംഗ്ളണ്ട് 338 എന്ന കൂറ്റന്‍ സ്കോറാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. രോഹിത് ശര്‍മ്മ സെഞ്ച്വറി അടിച്ചെങ്കിലും ഇംഗ്ളീഷ് ലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്കായില്ല. 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 306 റണ്‍സിന് കീഴടങ്ങി. മത്സരം കണ്ട വെസ്റ്റിന്‍ഡീസ് താരം പോലും പാകിസ്താനെ പുറത്താക്കാന്‍ ഇന്ത്യ തോല്‍ക്കുമെന്ന് പറഞ്ഞിരുന്നതായി മുന്‍ സ്പിന്നര്‍ മുസ്താഖ് അഹമ്മദും പറഞ്ഞു. ഇന്ത്യ തോറ്റതിന് പിന്നാലെ ജേസണ്‍ ഹോള്‍ഡര്‍, ക്രിസ് ഗെയ്ല്, ആന്ദ്രേ റസ്സല്‍ എന്നിവര്‍ക്കെല്ലാം ഈ അഭിപ്രായമായിരുന്നെന്ന് കഴിഞ്ഞ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിന് ഒപ്പമായിരുന്ന മുസ്താഖ് അഹമ്മദ് പറഞ്ഞു.





