
ന്യുഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കള്ളപ്പണം ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം, മകന് കാര്‍ത്തി ചിദംബരം എന്നിവര്‍ക്കെതിരായ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഇ-ചാര്‍ജ്ഷീറ്റ് ആയിരിക്കും സമര്‍പ്പിക്കുക. ലോക്ഡൗണ്‍ പിന്‍വലിച്ച് കോടതിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുമ്പോള്‍ ഹാര്‍ഡ് കോപ്പിയും സമര്‍പ്പിക്കും.
ഐ.എന്‍.എക്സ് മീഡിയയ്ക്കു വേണ്ടിയുള്ള വിദേശ നിക്ഷേപത്തിന് അനുമതി ശരിയാക്കി നല്‍കിയതിന് ചിദംബരവും മറ്റു പ്രതികളും 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇതില്‍ സി.ബി.ഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2007ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കേ മാധ്യമ ഭീമന് പീ്റ്റര് മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐ.എന്‍.എക്സ് മീഡിയിലേക്ക വന്‍ തോതിന് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി നല്‍കിയെന്നാണ് ആക്ഷേപം.
കാര്‍ത്തി ചിദംബരമാണ് ഇതിനുള്ള പ്രതിഫലം കൈപ്പറ്റിയത്. ഈ പണമുപയോഗിച്ച് ഇന്ത്യയിലും ബ്രിട്ടണിലും സ്പെയിനിലും ഇവര്‍ സ്വത്ത് സമ്പാദിച്ചു. ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ചിദംബരത്തിന്റെയും മകന്റെയും പങ്ക് പുറത്തുവന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചിദംബരത്തെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. ചിദംബരത്തിന്റെ ദക്ഷിണ ഡല്‍ഹിയിലെ വീടിന്റെ മതില് ചാടിക്കടന്നാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ 16ന് എന്‍ഫോഴ്സ്മെന്റും അറസ്റ്റു ചെയ്തിരുന്നു. തിഹാര്‍ ജയിലില്‍ മൂന്നു മാസം റിമാന്‍ഡ് തടവ് അനുഭവിച്ച ശേഷമാണ് ഡിസംബറില്‍ ചിദംബരത്തിന് ജാമ്യം ലഭിച്ചത്.
ഐ.എന്‍.എക്സ് മീഡിയ ഗ്രൂപ്പിന് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് 2007ല്‍ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് 2017ലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒമ്പതു മാസത്തിനു ശേഷം പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.






