
ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്കപടര്‍ത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും കോവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രതിരോധ വിഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസുകള്‍ വരുന്ന റെയ്സാനാ ഹില്‍ കോംപ്ളക്സിലെ സൗത്ത്ബ്ളോക്ക് പ്രതിസന്ധിയിലായി.
അജയ് കുമാറിന് കോവിഡ് പരിശോധന പോസിറ്റീവായി മാറിയ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഉന്നത സൈനിക ഉദ്യോഗസ്ഥരും ബുധനാഴ്ച ഓഫീസില്‍ എത്തിയിരുന്നില്ല. ഇവിടെയുള്ള 30 പേരെങ്കിലും അജയ്കുമാറുമായി ബന്ധപ്പെട്ടിരിക്കാം എന്നാണ് സംശയം. ഇവരോടെല്ലാം ക്വാറന്റീനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതിരോധ വിഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസുകള്‍ വരുന്നതാണ് റെയ്സാനാ ഹില്‍ കോംപ്ളക്സിലെ സൗത്ത്ബ്ളോക്ക്. ഇവിടെയാണ് പ്രതിരോധ സെക്രട്ടറിയുടെയും ഓഫീസ്. സൈന്യവുമായി ബന്ധപ്പെട്ട് ദൈനംദിനം പല വിധത്തിലുളള ഉന്നതതല യോഗം ചേരുന്ന ഓഫീസാണ് ഇത്.
കരസേനയുടെയും നാവികസേനയുടെയും ചീഫുകളുടെ ഓഫീസ്, ജനറല്‍ എംഎം നരാവനേയുടേയും അഡ്മിറല്‍ കരംബീര്സിംഗിന്റെയും ഓഫീസുകളും ഇതേ നിലയില്‍ ഏതാനും ദൂരെ മാറിയാണ്. ജനറല്‍ ബിപിന്‍ റാവത്ത്, ഐഎഎഫ് ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദുരിയ എന്നിവരുടെ താല്‍ക്കാലിക വസതികളും സൗത്ത് ബ്ളോക്കില്‍ വായുസേനാ ഭവനരികിലാണ്. ആരോഗ്യ മന്ത്രാലയത്തിലെയും നിരവധി പേര്‍ക്ക് രോഗം ബാധിച്ചതായി വിവരമുണ്ട്. ഇവിടെ നടക്കേണ്ട ഔദ്യോഗിക യോഗങ്ങളെല്ലാം വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കി.






