ന്യൂഡല്‍ഹി: പാലക്കാട് ജില്ലയില്‍ ആന ചരിഞ്ഞതിന്റെ പേരില്‍ മലപ്പുറം ജില്ലയ്ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി ബി.ജെ.പി നേതാവ് മനേക ഗാന്ധി. രാജ്യത്ത് ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്നത് മലപ്പുറം ജില്ലയിലാണെന്നും അവിടെ ദിവസും മനുഷ്യരെയും മൃഗങ്ങളെയും കൊല്ലുകയാണെന്നും മനേക ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിനെതിരെ സമാനമായ വിദ്വേഷ പ്രചാരണവുമായി മനേകാ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്
കേരളത്തില്‍ ബോംബുകള്‍ സുലഭമായി ലഭിക്കുമെന്നാണ് പുതിയ വിദ്വേഷ പ്രചാരണം. കേരളത്തില്‍ കാട്ടുപന്നികളെ കൊല്ലാന്‍ അനുവാദം കൊടുത്തിരിക്കുകയാണെന്നും മനേക ആരോപിച്ചു. ആനയുടേത് കൊലപാതകം തന്നെയാണ്. അത് റോഡിലൂടെ ഭക്ഷണം തേടുകയായിരുന്നു. ആരോ ഒരാള്‍ ബോംബുവച്ച പൈനാപ്പിള്‍ കൊടുത്ത് അതിനെ കൊല്ലുകയായിരുന്നുവെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ മനേക ആരോപിച്ചു. ശശി തരൂരും രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും മനേക ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയ്ക്കെതിരെ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് ബുധനാഴ്ച മനേകാ ഗാന്ധി നടത്തിയത്. മലപ്പുറത്തെ പഞ്ചായത്ത് ഭരണാധികാരികള്‍ ആനകളെയും പക്ഷികളെയും മറ്റ് മൃഗങ്ങളെയും ദിവസവും കൊല്ലുന്നവരാണെന്ന് അവര്‍ ആരോപിച്ചു. മലപ്പുറത്ത് എന്നും കൊലപാതകങ്ങള്‍ നടക്കുന്നു. ഏറ്റവുമധികം സ്ത്രീകളെ കൊല്ലുന്ന സഥലമാണ് മലപ്പുറം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ മിക്കപ്പോഴും കലാപം നടക്കുന്നു. വളരെ ഭയാനകമായ സ്ഥിതിയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. കേരളത്തിലെ സര്‍ക്കാരിന് അവരെ പേടിയാണ്. ഏറ്റവും ദുര്‍ബലരായ ഉദ്യോഗസ്ഥരെയാണ് മലപ്പുറത്ത് നിയമിക്കുന്നതെന്നും മനേക ബുധനാഴ്ച ആരോപിച്ചുരുന്നു.
കേരളത്തില്‍ ദിവസേന മുന്ന് ആനകള്‍ വീതം വര്‍ഷത്തില്‍ അറുനൂറ് ആനകള്‍ കൊല്ലപ്പെടുന്നുണ്ടെന്നും മനേക വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. ആനകളെ മര്ദ്ദിച്ചുകൊല്ലുകയാണ്. ആനകളെ എഴുന്നള്ളിക്കാന്‍ ഉപയോഗിക്കുന്നു. ആന വിരളുമ്പോള്‍ വെടിവച്ച് കൊല്ലുന്നു. ആനയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നു. ശേഷം കാലില്‍ മുറിവുണ്ടാക്കി ഏതെങ്കിലും തരത്തില്‍ പഴുപ്പ് വരുത്തി കൊല്ലുകയും ഇന്‍ഷുറന്‍സ് വാങ്ങുകയുമാണ് ചെയ്യുന്നത്. കേരള സര്‍ക്കാര്‍ ഇതിനെതിരെ മിണ്ടുന്നില്ലെന്നും മനേക ആരോപിച്ചു.






