
ന്യൂഡല്‍ഹി : ലഡാക്കിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യ- ചൈന സൈനികതല ചര്‍ച്ചകള്‍ ശനിയാഴ്ച നടക്കും. ഇരുസേനകളുടെയും ലഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള സൈനികോദ്യോഗസ്ഥരാകും ചര്‍ച്ചയില്‍ പങ്കെടുക്കുക.
ശനിയാഴ്ച രാവിലെ എട്ടു മണിക്ക് ചുസുള്‍- മോള്‍ദൊ അതിര്‍ത്തി പോയിന്റില്‍ വെച്ച് ചര്‍ച്ച നടക്കും. ഇരുഭാഗത്തുനിന്നും പത്ത് പേരടങ്ങുന്ന സംഘമാണ് ചര്‍ച്ചക്കെത്തുക. സൈനിക തലത്തില്‍ നടന്ന വിധ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ലഫ്റ്റനന്റ് ജനറല്‍ തലത്തില്‍ ചര്‍ച്ച നടക്കാന്‍ പോകുന്നത്.
3,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും തമ്മിലുള്ളത്. എന്നാല്‍ അതിര്‍ത്തി വ്യക്തമായി നിര്‍വചിച്ചിട്ടില്ലാത്തതിനാല്‍ യഥാര്‍ഥ നിയന്ത്രണ രേഖയെന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ നിയന്ത്രണ രേഖ കണക്കാക്കുന്നതില്‍ രണ്ടുരാജ്യങ്ങള്‍ക്കും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇത് വ്യക്തമായി അടയാളപ്പെടുത്താനും സാധിച്ചിട്ടില്ല. ഇതേതുടര്‍ന്ന് പലതവണ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ലഡാക്കില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷസമാനമായ സാഹചര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കാന്‍ പോകുന്നത്.






