
രാജ്യത്തെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കൊലപാതകക്കേസുകളില്‍ ഒന്നായിരുന്നു ജസീക്ക ലാല്‍ വധക്കേസ്. 1999-ജസീക്ക ലാല്‍ എന്ന മോഡല്‍ കൊല്ലപ്പെട്ടത്. കേസില്‍ മനു ശര്‍മ്മ എന്നയാളായിരുന്നു മുഖ്യപ്രതി. മനു ശര്‍മ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പ്രതി പുറത്തു വന്നിരുന്നു. മനുവിനെ സ്വതന്ത്രനാക്കാനുള്ള ഉത്തരവില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് വിവാദ കേസില്‍ പ്രതിക്ക് മോചനം ലഭിച്ചത്.
ഡല്‍ഹിയില്‍ ബീന രമണിയുടെ ഉടമസ്ഥതയിലുള്ള വണ്‍സ് അപോണ്‍ എ ടൈം റസ്റ്റോറന്റില്‍ വെച്ചാണ് 1999 ഏപ്രില്‍ 29-ന് ജെസീക്ക ലാല്‍ കൊല്ലപ്പെട്ടത്. റെസ്റ്റോറന്റില്‍ ജസീക്ക ലാല്‍ മദ്യം വിളമ്പുന്നതിനിടയിലാണ് സംഭവം നടന്നത്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ശര്‍മയുടെ മകനുമായ മനു ശര്‍മ്മ റസ്റ്റോറന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആ സമയം എത്തി. രാത്രി രണ്ടു മണിക്ക് 2 പെഗ് മദ്യം കൂടി മനു ആവശ്യപ്പെട്ടു. പാര്‍ട്ടി കഴിഞ്ഞതിനാല്‍ മദ്യം നല്‍കാനാവില്ലെന്ന് പറഞ്ഞത് വാക്ക് തര്‍ക്കമായി.
ഇതിനിടയില്‍ മനു ശര്‍മ്മ തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു. ഒരു വെടി മേല്‍ക്കൂരയിലേക്ക് അടുത്ത വെടി ജെസീക്കയ്ക്കു നേരെ. ഇടതു കണ്ണിന്റെ വശത്താണ് വെടിയേറ്റത്. തുടര്‍ന്ന് മനു രക്ഷപ്പെട്ടു. ഏപ്രില്‍ 30 ന് പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ച് ജസീക്ക മരിച്ചു. ജെസീക്കയുടെ മരണ ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം തുടങ്ങി. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അമര്‍ദീപ് സിങ്ങിനെയും അലോക ഖന്നയെയും പൊലീസ് അറസ്റ്റ് ചെയ്തു. അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മനുവിനെ അറസ്റ്റ് ചെയ്യാന്‍ കാത്തിരിക്കുന്നതിനിടെ ജൂണ്‍ ആറിന് മനു കീഴടങ്ങി.
വികാസ് യാദവ് ഉള്‍പ്പെടെ മറ്റ് 10 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 3 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നവംബര്‍ 23 ന് പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തി. 2001 മേയില്‍ 9 പ്രതികള്‍ക്കെതിരെ വിചാരണ നടപടി തുടങ്ങി. 101 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. വിചാരണക്കിടെ മനു ശര്‍മ ജാമ്യത്തിനുവേണ്ടി പലവട്ടം ശ്രമിച്ചു. എന്നാല്‍ സുപ്രീം കോടതി ഉള്‍പ്പെടെ ജാമ്യം നിഷേധിച്ചു.
2006 ഫെബ്രുവരി 21 ന് തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കോടതി പ്രതികളെ വെറുതെവിട്ടു. ഇതു രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കി. 2006 ഡിസംബര്‍ 18 ന് ഹൈക്കോടതി മനു ശര്‍മയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. വികാസ് യാദവിനും അമര്‍ദീപ് ഗില്ലിനും കുറഞ്ഞ ശിക്ഷ മാത്രമാണു ലഭിച്ചത്. ഇപ്പോള്‍ ജയില്‍വാസക്കാലത്തെ നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് ശിക്ഷ പൂര്‍ണമായി അനുഭവിക്കുന്നതിനു മുന്‍പ് മനു ശര്‍മയെ മോചിപ്പിക്കുന്നത്.






