
മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിച്ചിരുന്ന കാലത്ത് ഇന്ത്യൻ കാണികൾ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണവുമായി വെസ്റ്റിൻഡീസ് മുൻ നായകൻ ഡാരെൻ സമി. സൺറൈസേഴ്സ് താരങ്ങളായിരിക്കെ തന്നെയും ശ്രീലങ്കൻ താരം തിസാര പെരേരയെയും കാണികൾ ‘കാലു’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് സമിയുടെ ആരോപണം. ഈ വാക്കിന് മോശം അർഥമാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഇത് വംശീയ അധിക്ഷേപമാണെന്നും സമി ചൂണ്ടിക്കാട്ടി.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് ഇക്കാര്യത്തിൽ തന്റെ പ്രതിഷേധം സമി പ്രകടിപ്പിച്ചത്. ‘ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കളിച്ചിരുന്ന കാലത്ത് ആരാധകർ ‘കാലു’ എന്ന് വിളിച്ചിരുന്നതിന്റെ അർഥം ഇപ്പോഴാണ് മനസ്സിലാകുന്നത്. എന്നെയും പെരേരയെയും ആ പേരിലാണ് അവർ വിളിച്ചിരുന്നത്. കരുത്തനായ ആളെന്ന അർഥത്തിലാണ് അവരത് വിളിച്ചിരുന്നതെന്നാണ് ഞാൻ കരുതിയത്. അങ്ങനെയല്ലെന്ന് അറിവ് എന്നെ വല്ലാതെ ക്രുദ്ധനാക്കുന്നു’ – സമി കുറിച്ചു.
എന്നാല് എവിടെവെച്ചാണ് ഇത്തരത്തിലൊരു അനുഭവം സമിക്ക് ഉണ്ടായെതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. യുഎസിൽ പോലീസിന്റെ പീഡനത്തിന് ഇരയായ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിനു പിന്നാലെ വംശീയവെറിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് സമിയുടെ വെളിപ്പെടുത്തൽ.
നേരത്തെ വംശീയതയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെയും (ഐസിസി) മറ്റ് ക്രിക്കറ്റ് ബോർഡുകളുടെയും പിന്തുണ തേടി സമി രംഗത്തെത്തിയിരുന്നു. കറുത്ത വർഗക്കാരായ മനുഷ്യർ ഇത്തരത്തിൽ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് കാലമേറെയായെന്ന് സമി പറഞ്ഞു. മാറ്റത്തിന്റെ ഭാഗമാകാനും അദ്ദേഹം ക്രിക്കറ്റ് ആരാധകരെ ആഹ്വാനം ചെയ്തു. ‘എന്നേപ്പോലുള്ള ആളുകൾക്ക് സംഭവിക്കുന്നത് ഐസിസിയും മറ്റ് ക്രിക്കറ്റ് ബോർഡുകളും കാണുന്നില്ലേ? ഞാനുൾപ്പെടെയുള്ള കറുത്തവർഗക്കാർക്കെതിരായ സാമൂഹിക അസമസ്വത്തിനെതിരെ ശബ്ദിക്കാൻ നിങ്ങൾക്ക് ഉത്സാഹമില്ലേ? ഇത് അമേരിക്കയിലെ മാത്രം പ്രശ്നമല്ല. പ്രതിദിനം എല്ലായിടത്തും സംഭവിക്കുന്നതാണ്. ഇത് നിശബ്ദമായിരിക്കാനുള്ള സമയമല്ല. നിങ്ങളുടെ നിലപാട് കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു’ – ഐസിസിയെ ടാഗ് ചെയ്ത് സമി കുറിച്ചു. ഇതിന് ശേഷം െഎസിസി രംഗത്ത് എത്തുകയും ചെയ്തു.
ജോർജ് ഫ്ലോയ്ഡിനു സംഭവിച്ചതിന്റെ വിഡിയോ കണ്ടശേഷവും നിറത്തിന്റെ പേരിൽ ഒരു വിഭാഗം ആളുകൾ അനുഭവിക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്താൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങളും ഈ പ്രശ്നത്തിന്റെ ഭാഗം തന്നെയാണ്’ – മറ്റൊരു ട്വീറ്റിൽ സമി എഴുതി. നേരത്തെ, നിറത്തിന്റെ പേരിൽ അനുഭവിക്കുന്ന തിക്താനുഭവങ്ങൾ പങ്കുവച്ച് വിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്ലും രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച ലഘു കുറിപ്പിലൂടെയാണ് വംശീയവെറിക്കെതിരെ ഗെയ്ൽ ശബ്ദമുയർത്തിയത്.






