
കോഴിക്കോട്: കേരളത്തെ ആകെ പിടിച്ചുലച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ സിലി വധക്കേസില്‍ ഇന്ന് മുതല്‍ വിചാരണ നടപടികള്‍ ആരംഭിക്കും. കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി. ഷാജുവിനെ സ്വന്തമാക്കാനായിരുന്നു സിലിയെ സയനൈഡ് നല്കി കൊലപ്പെടുത്തിയത്. ഈ കേസിലാണ് കോഴിക്കോട് സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങുന്നത്.
ജോളിയുടെ ആദ്യ ഭര്‍ത്താവ് പൊന്നാമറ്റം വീട്ടിലെ റോയ് തോമസ്, റോയിയുടെ മാതാവ് അന്നമ്മ തോമസ്, പിതാവ് ടോം തോമസ്, ബന്ധു മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ മകള്‍ ആല്ഫൈന്, ആദ്യഭാര്യ സിലി എന്നിവരാണ് കൂടത്തായിയില്‍ കൊല്ലപ്പെട്ടത്. 2016 ജനുവരി 11 നാണ് സിലി കൊല്ലപ്പെട്ടത്. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വെച്ച് മഷ്റൂം ക്യാപ്സൂളില് സയനൈഡ് നിറച്ച് ജോളി സിലിക്ക് നല്‍കിയെന്നാണ് കേസ്. ക്യാപ്സൂള്‍ കഴിച്ചതിനെ തുടര്‍ന്ന് അവശയായ സിലിക്ക് സയനൈഡ് കലര്‍ത്തിയ വെള്ളവും കുടിക്കാന്‍ നല്കി.
ഭര്‍ത്തൃവീടായ പൊന്നാമറ്റം വീട്ടിലെ സ്വത്ത് തട്ടിയെടുക്കാനും ഷാജുവിനൊപ്പം ജീവിക്കാനുമായിരിന്നു ജോളി കൊലപാതകങ്ങള്‍ നടത്തിയത്. ജോളി കൊലപ്പെടുത്തിയ റോയ് തോമസിന്റെ സഹോദരന് പോലീസിന് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ആറ് മരണങ്ങളും കൊലപാതകങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു.






