
കൊച്ചി: ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ടോമിന് ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിജിലന്‍സ് അനേ്വഷണത്തിനു ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. അനേ്വഷണത്തിനു സ്റ്റേ നിഷേധിച്ച കോടതി, അനേ്വഷണം തുടരാമെന്നു വ്യക്തമാക്കുകയും ചെയ്തു.
കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരേയുള്ള പുനഃപരിശോധനാ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കഴിഞ്ഞ 29നു കോട്ടയം വിജിലന്‍സ് കോടതി തള്ളിയിരുന്നു. ജസ്റ്റിസ് വി. ഷേര്‍സിയാണ് ഹര്‍ജി പരിഗണിച്ചത്. കേസ് കൂടുതല്‍ വാദത്തിനായി മാറ്റിവച്ചു.
ആവശ്യമായ തെളിവുണ്ടെന്ന് അന്നു കോടതി വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. 2003-07 ല്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു ടോമിന് ജെ. തച്ചങ്കരി 65 ലക്ഷത്തിലധികം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. എന്നാല്‍, ഈ സ്വത്ത് പാരമ്പര്യമായി ലഭിച്ചതാണെന്നാണ് തച്ചങ്കരിയുടെ വാദം. തൃശൂര്‍ സ്വദേശി പി.ഡി ജോസ് നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.






