
പൂഞ്ഞാര്‍: മഴ തോര്‍ന്നില്ല... കണ്ണീരും. പയ്യാനിത്തോട്ടത്തെ നടുക്കിയ ഉരുള്‍പൊട്ടലില്‍ ജീവന് പൊലിഞ്ഞ മണപ്പാട്ട് റെജീന ജോണിക്കും മകന് ജോസഫൈനും നാട് കണ്ണീരോടെ വിട നല്കി. ഇന്നലെ രാവിലെ 11.30ന് പയ്യനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹങ്ങള്‍ ഒരുനോക്ക് കാണാന്‍ പ്രതികൂല കാലാവസ്ഥയിലും നൂറുകണക്കിന് ആളുകളെത്തി.
അമ്മയെയും മകനെയും ചേതനയറ്റ നിലയില്‍ കാണേണ്ടിവന്ന നിമിഷം ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. റെജീനയുടെ ഭര്‍ത്താവ് ജോണിയുടെയും മക്കളായ ജോമിറ്റിന്റെയും സോമിറ്റിന്റെയും സങ്കടം കണ്ടുനിന്നവര്‍ക്കും നൊമ്പരമായി.സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി മോന്‍സ് ജോസഫ് അന്തിമോപചാരം അര്‍പ്പിച്ചു. വൈകിട്ട് മൂന്നോടെ സ്കൂള്‍ അങ്കണത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പയ്യാനിത്തോട്ടം സെന്റ് അല്‍ഫോന്‍സ പള്ളിയിലെത്തിച്ചു. സംസ്കാര ശുശ്രൂഷകള്‍ക്ക് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മോണ്‍സിഞ്ഞോര്‍ ഫാ. ജോസഫ് തടത്തില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.പത്തനംതിട്ട എം.പി ആന്റോ ആന്റണി, പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. എം.ജെ സെബാസ്റ്റ്യന്‍, മുന്‍ എം.എല്‍.എമാരായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പി.സി. ജോര്‍ജ്, റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ്, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ്വ മോഹന്‍ എന്നിവരടക്കം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ര്ടീയ-സാമൂഹിക-സാമുദായിക രംഗത്തെ പ്രമുഖരും അന്തിമോപചാരമര്‍പ്പിച്ചു.മണ്ണിനടിയില്‍ പൊലിഞ്ഞ രണ്ട് ജീവനുകള്‍ക്ക് പയ്യാനിത്തോട്ടം കണ്ണീരോടെ വിട നല്കി. റെജീനയും ജോസഫും ഇനി നാടിന്റെ ഓര്‍മകളിലെ മായാത്ത നൊമ്പരമായി മാറി.
ഒരുമിച്ച് യാത്രയായി... അന്ത്യവിശ്രമവും ഒരുമിച്ച്
പൂഞ്ഞാര്‍: ഒരുമിച്ച് ജീവിച്ചു... ദുരന്തവും ഒരുമിച്ച് കവര്‍ന്നു... ഒടുവില്‍ അന്ത്യവിശ്രമവും ഒരുമിച്ച്. പയ്യാനിത്തോട്ടം ഉരുള്‍പൊട്ടലില്‍ മരിച്ച മണപ്പാട്ട് റെജീന ജോണിക്കും മകന് ജോസഫിന് ജോണിക്കും പയ്യാനിത്തോട്ടം സെന്റ് അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍ ഒരേ കല്ലറയില്‍ അന്ത്യവിശ്രമം.
ഒരു കുടുംബത്തിന്റെ താങ്ങായിരുന്ന അമ്മയും പ്രിയപ്പെട്ട മകനും മണിക്കൂറുകളുടെ വ്യത്യാസമില്ലാതെ ദുരന്തത്തില്‍ പൊലിഞ്ഞപ്പോള്‍ നാടിന്റെ ദു:ഖം എല്ലാത്തിനുമപ്പുറമായിരുന്നു. ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും മണ്ണിനടിയിലായതോടെയാണ് ഇരുവരും മരണപ്പെട്ടത്.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയ അമ്മയെയും മകനെയും ഒടുവില്‍ അതേ മണ്ണിലേക്ക് തന്നെ നാട് തിരിച്ചേല്‍പ്പിച്ചു.ജീവിതത്തില്‍ കൈവിടാതെ നടന്ന അമ്മയും മകനും മരണത്തിലും വേര്‍പിരിഞ്ഞില്ല. ഒരേ കല്ലറയില്‍ ഇരുവരെയും സംസ്കരിച്ചപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണുകള്‍ നിറഞ്ഞു.







Comments