
പൊന്നാനി: മുഖ്യമന്ത്രി വി.ഡി.സതീശന്റെ പൊന്നാനിയിലെ ഉച്ചഭക്ഷണത്തില്‍ കടുത്ത വിമര്‍ശനം അഴിച്ചുവിട്ട് സോഷ്യല്‍ മീഡിയ. സംസ്ഥാനം മഴക്കെടുതിയില്‍ രൂക്ഷ പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി വി.ഡി.സതീശന് പൊന്നാനിയില്‍ മുസ്ലീം ലീഗ് നേതാവിന്റെ വിരുന്നില്‍ പങ്കെടുത്തതില്‍ സമൂഹ മാധ്യമങ്ങളിലെ ഇടതു ഹാന്ഡലുകളില്നിന്നാണ് രൂക്ഷ വിമര്‍ശനം.
മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടില്‍ വി.ഡി. സതീശന് ഉച്ചഭക്ഷണത്തിനെത്തിയതും സല്‍ക്കാരത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വലിയ വിമര്‍ശനം ഉയര്‍ന്നത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചത്.
വീഡിയോക്ക് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പൊന്നാനിയില്‍നിന്നുള്ള പ്രാദേശിക ഇടതു പ്രവര്‍ത്തകരാണ് വിമര്‍ശനം തുടങ്ങിവെച്ചത്. ഇതിന് പിന്നാലെ പ്രതിപക്ഷവും മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തി. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് എല്ലാ പരിപാടികളും റദ്ദ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവെന്നും എന്നാല്‍ ജനം രൂക്ഷമായ മഴക്കെടുതിയില്‍ ദുരിതം പേറുമ്പോള്‍ വി.ഡി. സതീശന് വിരുന്നുണ്ട് നടക്കുകയാമെന്നുമാണ് വിമര്‍ശനം.
എം.പിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റുമായ എഎ റഹിമും വി.ഡി. സതീശനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സത്യത്തില്‍ മുഖ്യമന്ത്രിയുടെ വീഡിയോ അദ്യം വിശ്വസിക്കാനായില്ല. വിവിധ ജില്ലകള്‍ വെള്ളത്തിലായി മനുഷ്യര്‍ ആശങ്കയിലായിരിക്കുമ്പോള്‍ മുഖ്യമന്ത്രി ഈ ഔചിത്യമില്ലായ്മ കാണിക്കുമെന്ന് കരുതിയില്ല, ഇങ്ങനെ സ്വകാര്യ വിരുന്നുണ്ണാന്‍ പോകുമെന്ന് വിചാരിച്ചില്ല എഎ റഹീം പറഞ്ഞു. മുന്‍ മാതൃകകള്‍ അങ്ങനെയല്ല. ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും വേണ്ട ആത്മവിശ്വാസം പകരേണ്ട സമയമാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ പ്രളയത്തിന്റെ ദുരിതത്തില്‍ കഴിയുന്ന ഈ സമയത്ത്, ജനങ്ങള്‍ പ്രതീക്ഷിച്ചത് നേതൃത്വം, ഇടപെടല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നതൊക്കെയാണ്. പ്രതിസന്ധിയുടെ വേളയില്‍ സല്‍ക്കാരങ്ങളല്ല, ഉത്തരവാദിത്വമാണ് മുഖ്യമന്ത്രിയുടെ മുന്‍ഗണനയാകേണ്ടത്തെന്നും റഹീം പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി.സതീശന് വിരുന്നില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പൊന്നാനി എം.എല്‍.എ കെ.പി. നൗഷാദ് അലി രംഗത്തെത്തി. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാന്‍ പാടില്ലെന്നോ ഉച്ച ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നോ ഇല്ലല്ലോയെന്ന് കെ.പി. നൗഷാദ് അലി ചോദിച്ചു. അതിന്റെ ചിത്രങ്ങള്‍ ഈ രീതിയില്‍ പ്രചരിപ്പിക്കേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നത്. മുതിര്‍ന്ന സഹപ്രവര്‍ത്തകനായ സി. ഹരിദാസിനെ കാണാനാണ് മുഖ്യമന്ത്രി എത്തിയത്. അതിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയുടെ വീട്ടില്‍ ഉച്ച ഭക്ഷണംവെച്ചു. ഭക്ഷണം കഴിക്കുന്നത് അനൗചിത്യം ആകുന്നതെങ്ങനെയാണ്. ഇത് രാഷ്ട്രീയമാണ്. വിഷയം വഴി തിരിച്ച് വിടുകയാണ് കെ.പി. നൗഷാദ് അലി പറഞ്ഞു.
കെ.വി നദീര്‍







Comments