
തിരുവനന്തപുരം: ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ സി.പി.എം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വ്യക്തിഗത ആവശ്യത്തിനായി പൊതുഖജനാവിന്റെ പണം ഉപയോഗിച്ചെന്നാണ് ആരോപണം. അതേസമയം, സുരക്ഷയും യാത്രാസമയ ലാഭവും മുന്‍നിര്‍ത്തിയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവ് വേലായുധന്‍കുട്ടിയെ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ക്ലബ് ഹെലിപാഡില്‍ നിന്ന് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ കൊച്ചിയിലെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതെ തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങി. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ വീണ്ടും ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്കു പോയി ഭാര്യാപിതാവിനെ സന്ദര്‍ശിച്ചു.
മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഹെലികോപ്റ്റര്‍ വാടകയെ്ക്കടുത്തതിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ച നേതാവായിരുന്നു വി.ഡി. സതീശനെന്ന് സി.പി.എം. ചൂണ്ടിക്കാട്ടി. അന്ന് ധൂര്‍ത്തെന്ന് ആരോപിച്ച ഹെലികോപ്റ്റര്‍ ഇപ്പോള്‍ മുഖ്യമന്ത്രി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്നും സി.പി.എം. വിമര്‍ശിക്കുന്നു. മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഹെലികോപ്റ്റര്‍ പ്രധാനമായും അവയവദാന ദൗത്യങ്ങള്‍, എയര്‍ ആംബുലന്‍സ് സേവനങ്ങള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചിരുന്നതെന്നും സി.പി.എം. ചൂണ്ടിക്കാട്ടി. അതേ സമയം, മുഖ്യമന്ത്രി ശനി, ഞായര്‍ ദിവസങ്ങളില്‍ പതിവായി കൊച്ചി കേന്ദ്രീകരിച്ച് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും പ്രതിമാസ വാടക നല്കി കരാറെടുത്ത ഹെലികോപ്റ്റര്‍ ഉപയോഗിക്കാതെ വിമാനത്താവളത്തില്‍ കിടത്തുന്നതാണ് ഖജനാവിന് കൂടുതല്‍ നഷ്ടമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രി റോഡ് മാര്‍ഗമോ ട്രെയിനിലോ യാത്ര ചെയ്താല്‍ വിപുലമായ സുരക്ഷാ സന്നാഹങ്ങള്‍, ഗതാഗത നിയന്ത്രണം, പോലീസ് വിന്യാസം എന്നിവയ്ക്കായി കൂടുതല്‍ പൊതുചെലവ് വരുമെന്നും ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിലൂടെ ഇതെല്ലാം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഭരണപക്ഷം വിശദീകരിക്കുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ എം.ബി. രാജേഷ് രംഗത്തെത്തി. പ്രളയ ദുരിതാശ്വാസത്തിനോ മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ വേണ്ടിയല്ല, സ്വകാര്യ ആവശ്യത്തിനായാണ് സര്‍ക്കാര്‍ വാടകയെ്ക്കടുത്ത ഹെലികോപ്റ്റര്‍ മുഖ്യമന്ത്രി ഉപയോഗിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ഒന്നല്ല, രണ്ടു തവണയാണ് രണ്ടുതവണയാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരം-കൊച്ചി സര്‍വീസ് നടത്തിയതെന്നും എം.ബി. രാജേഷ് വിമര്‍ശിച്ചു. വിഷയത്തില്‍ മാധ്യമങ്ങള്‍ നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുനില്‍ ജെ. സണ്ണി







Comments