
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പകല്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വീണ്ടും ശക്തമായേക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അതീവ ജാഗ്രത. വിവിധ അപകടങ്ങളില്‍ ഇന്നലെ നാല് പേര് കൂടി മരിച്ചതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. എട്ടു പേരെ കാണാതായി. 13 പേര്‍ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കണ്ണൂര്‍ കൂത്തുപറമ്പ് തോട്ടിന്കരയില് മരിച്ച നിലയില്‍ കണ്ടെത്തിയ കൈതേരി ഇടത്തില്‍ രാരിഷ്, കാപ്പാട് വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ടുവയസുകാരന് മാസിന്, തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ ഫ്രീമോന്‍, ആന്റണി എന്നിവരാണ് ഇന്നലെ മരിച്ചത്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, നദീതീരങ്ങള്‍, അണക്കെട്ടുകളുടെ താഴെയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ആവശ്യമായാല്‍ പകല്‍ സമയത്തുതന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയദുരിതവും രൂക്ഷമായി തുടരുകയാണ്. പത്തനംതിട്ട റാന്നിയില്‍ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പര്‍ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിലാണ്.
ഇന്നലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പകല്‍ മഴ ശക്തമായില്ലെങ്കിലും രാത്രി മഴ പെയ്തേക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
മത്സ്യബന്ധനത്തിന് വിലക്ക്
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളിലും ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത.
വളപ്പട്ടണം മുതല്‍ ന്യൂമാഹി വരെയുള്ള കണ്ണൂര്‍ തീരത്തും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയുള്ള കാസര്‍ഗോഡ് തീരത്തുമാണ് മുന്നറിയിപ്പ്
ബാധകമായിരിക്കുന്നത്. നാളെ മുതല്‍ ആറു വരെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലും അതിശക്തമായ കാറ്റിനു സാധ്യതയുണ്ട്.
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിയന്ത്രണം
വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുകള്‍ക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്കി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെയും സമീപ ജില്ലകളിലെയും വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം തുടരണം.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര വിനോദസഞ്ചാര മേഖലകളിലും മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് മഴ മുന്നറിയിപ്പും സുരക്ഷാ നിര്‍ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ജില്ലകളിലും താലൂക്കുകളിലും
കണ്ട്രോള് റൂമുകള്‍
അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള എമര്‍ജന്‍സി കിറ്റ് തയ്യാറാക്കിവയ്ക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യം വന്നാല്‍ എല്ലാ
ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍േ്രടാള്‍
റൂമുകളിലേക്കോ ടോള്‍ ഫ്രീ നമ്പറുകളായ 1077, 1070 എന്നിവയിലേക്കോ സഹായത്തിനായി ബന്ധപ്പെടാം. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റം വരുത്തുന്നതിനനുസരിച്ച് അലര്ട്ടുകളിലുംമാറ്റമുണ്ടാകാമെന്നും ഏറ്റവും പുതിയ അറിയിപ്പുകള് ശ്രദ്ധിക്കണമെന്നും അറിയിച്ചു.
അപകടത്തില്‍പ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ബന്ധപ്പെടേണ്ട അടിയന്തര ഫോണ്‍ നമ്പറുകള്‍ വ്യാപകമായി പ്രചരിപ്പിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
സഹായം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: മഴക്കെടുതികളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ
പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്.
ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാം.
വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ
സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നദികള്‍ കരകവിഞ്ഞ് ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ മഴ കുറഞ്ഞെങ്കിലും കിഴക്കന്‍വെള്ളത്തിന്റെ ശക്തമായ വരവിനാല്‍ നദികള്‍ കരകവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. സമീപജില്ലകളി െ ഉരുള്‍പൊട്ടലിനും പേമാരിക്കും തുടര്‍ച്ചയായി ശക്തമായ തോതില്‍ മലവെള്ളം എത്തുന്നത് കുട്ടനാട്, അപ്പര്‍കുട്ടനാട് മുങ്ങാന്‍ കാരണമാകുന്നു.
ശക്തമായ കടല്‍ക്ഷോഭത്തില്‍ അമ്പലപ്പുഴ കാക്കാഴം പടിഞ്ഞാറ് തീരത്തെ വീടുകളിലേക്ക് കടല്‍ഭിത്തിക്ക് മുകളിലൂടെ തിരയടിച്ചു കയറി. ഈ ഭാഗത്തെ വീടുകളില്‍ നിന്നുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ഇതുവരെ മൂന്ന് വീടുകള്‍ക്ക് പൂര്‍ണമായും 12 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. അമ്പലപ്പുഴയില്‍ രണ്ട് വീടുകളും ചേര്‍ത്തലയില്‍ ഒരു വീടുമാണ് പൂര്‍ണമായും തകര്‍ന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി എന്‍.ഡി.ആര്.എഫിന്റെ 13 അംഗ സംഘം ചെങ്ങന്നൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ 30 അംഗ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സംഘത്തെ അധികമായി വിന്യസിച്ചിട്ടുമുണ്ട്. തോട്ടപ്പള്ളി സ്പില്‍വേയില്‍ ആകെയുള്ള 40 ഷട്ടറുകളില്‍ 39 എണ്ണവും ഇന്നലെ തുറന്നു.
പ്രളയം: സംസ്ഥാനത്തിന് കേന്ദ്ര ഫണ്ടില്ല
തിരുവനന്തപുരം: പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് എസ്.ഡി.ആര്.എഫ്. ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ കേരളമില്ല.
പ്രളയ, മണ്ണിടിച്ചില്‍ ബാധിത സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂര്‍ ധനസഹായമായി 2117.85 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
അരുണാചല്‍, അസം എന്നിവിടങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ മന്ത്രി തലസമിതിയെയും നിയോഗിച്ചു. എന്നാല്‍, പട്ടികയില്‍ കേരളമില്ല.
പരീക്ഷകള്‍ മാറ്റി
ഇന്ന് നടത്താനിരുന്ന സെറ്റ് പരീക്ഷയും ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകളും മാറ്റിവച്ചു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ഇന്നത്തെ പരീക്ഷയും മാറ്റി.
നാളെ നടത്താനിരുന്ന എം.ജി. സര്‍വകലാശാല പരീക്ഷ മാറ്റിയതായി സര്‍വകലാശാല അറിയിച്ചു.
ഇടുക്കി ജില്ലയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കു നാളെയും ബുധനാഴ്ചയും നടത്താനിരുന്ന കായികക്ഷമത പരീക്ഷ പി.എസ്.സി. മാറ്റി.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നലെ നടന്ന പത്താംതരംപൊതുപ്രാഥമിക പരീക്ഷ മഴ കാരണം എഴുതാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കും. 22ന് ഇവര്‍ക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് പി.എസ്.സി. അറിയിച്ചു.
10 ജില്ലകളില്‍ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍മാര്‍
അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലെ സ്കൂളുകള്‍, കോളജുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന് സെന്ററുകള്‍, വിവിധ പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് അവധി.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലും അവധി.







Comments