
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം. സംസ്ഥാനത്തിന് 2597 കോടി രൂപ അധിക നികുതിവിഹിതമാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സിതാരമാന് അനുവദിച്ചത്. ഓണക്കാലം അടുത്തെത്തി നില്‍ക്കെ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന കേരളത്തിന് കേന്ദ്രത്തിന്റെ പ്രഖ്യാപനം വലിയ ആശ്വാസമാകും. വിപണി ഇടപെടലുകള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും തുക പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിന് സാധിക്കും.
ഓഗസ്റ്റ് 10-ന് പതിവായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിമാസ നികുതി വിഹിതത്തിനു പുറമെയാണ് തുക അധികമായി അനുവദിച്ചിട്ടുള്ളതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത മാസത്തെ പതിവ് വിഹിതവും സംസ്ഥാനത്തിന് തടസമില്ലാതെ ലഭിക്കും. ഇത്കൂടി ലഭിക്കുന്നതോടെ ഓണക്കാലത്തെ സാമ്പത്തിക ഞെരുക്കം അതിജീവിക്കാന്‍ സംസ്ഥാനത്തിന് ഒരു പരിധിവരെ കഴിഞ്ഞേക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം ഓണം പ്രമാണിച്ച് ക്ഷേമപെന്‍ഷനുകള്‍ നല്‍കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും അഡ്വാന്‍സും വിതരണം ചെയ്യാനും വലിയ തുക ആവശ്യമാണ്. അതുകൊണ്ടുതന്നെ ഓഗസ്റ്റില്‍ ലഭിക്കുന്ന ഈ അധിക വിഹിതം സംസ്ഥാന ധനവകുപ്പിന്റെ സമ്മര്‍ദ്ദം ഗണ്യമായി കുറയ്ക്കും.
സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാനുമായി ഇക്കുറി വന്‍തുകയാണ് കേന്ദ്ര സര്‍ക്കാര്‍ അധിക നികുതിവിഹിതമായി പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി മൊത്തം 1,09,019 കോടി രൂപയാണ് കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചിട്ടുള്ളത്. മൂലധനവികസനച്ചെലവുകള് ഊര്‍ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ ഈ നിര്‍ണ്ണായക നടപടി. അതേസമയം കേന്ദ്രം പ്രഖ്യാപിച്ച അധിക നികുതിവിഹിതത്തില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് ഉത്തര്‍പ്രദേശിനാണ്. വിഹിതമായി 19,208 കോടി രൂപയാണ് ഉത്തര്‍പ്രദേശിന് ലഭിച്ചത്. പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് യു.പിയെങ്കില്‍ രണ്ടാം സ്ഥാനത്ത് ബീഹാറാണ്. 10,845 കോടി രൂപയാണ് ബീഹാറിനായി കേന്ദ്രം മാറ്റിവച്ചത്. കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളുടെ വിഹിതം പരിശോധിച്ചാല്‍ തമിഴ്നാടിന് 4466 കോടി രൂപ അനുവദിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്നാടിനാണ് കൂടുതല്‍ തുക ലഭിച്ചത്.
കര്‍ണാടകയ്ക്ക് 4504 കോടിയും ആന്ധ്രപ്രദേശിന് 4597 കോടി രൂപയും ലഭിച്ചു. മറ്റ് അയല്പക്ക സംസ്ഥാനമായ തെലങ്കാനയ്ക്ക് 2370 കോടിയാണ് കേന്ദ്രം നികുതിവിഹിതമായി അനുവദിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ജനസംഖ്യയും സാമ്പത്തിക ഫോര്‍മുലയും അടിസ്ഥാനമാക്കിയാണ് വിഹിതം നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, റോഡ്പാലം നിര്‍മ്മാണങ്ങള്‍, മറ്റു മൂലധന ചെലവുകള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ധനസഹായം ഉപകരിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ആഘോഷ സീസണുകളില്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന അധിക സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
ജി. അരുണ്‍







Comments