
കൊച്ചി: ചീട്ടുകളിച്ചവരെ പിടികൂടി ലക്ഷങ്ങള്‍ കൈയില്‍ എത്തിയിരിക്കുകയാണ് ഒരു കൂട്ടം പോലീസുകാര്‍ക്ക്. ആലുവയിലെ ഒരു സംഘം പോലീസുകാര്‍ക്കാണ് ഈ സുവര്‍ണഭാഗ്യം കൈവന്നത്. 2017 ഒക്ടോബോര്‍ 15ന് ആലുവ ദേശത്തെ പെരിയാര്‍ ക്ലബ്ലില്‍ ലക്ഷങ്ങള്‍വെച്ചുള്ള ചീട്ടുകളി നടക്കുന്നതായി ആലുവ എസ്പിക്ക് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ലബ്ബില്‍ റെയ്ഡ് നടത്താന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച് അവിടേക്ക് പുറപ്പെട്ടു.
ക്ലബ്ബിലെത്തിയ പോലീസുകാര്‍ കണ്ടത് ലക്ഷങ്ങള്‍ വെച്ചുളള ചീട്ടുകളിയാണ്. സമൂഹത്തിലെ വമ്പന്മാരുടെ കളിയായിരുന്നു അവിടെ നടന്നത്. ക്ലബിലെ അംഗങ്ങളും പുറമെ നിന്ന് എത്തിയവരും അടക്കം 33 പേരെ ക്ലബ്ബില്‍ നിന്ന് അറസ്റ്റ് ചെയ്തു, കൂടാതെ 18 ലക്ഷം രൂപയും പിടിച്ചെടുത്തു. കേസ് കോടതിയിലെത്തിയതോടെ പ്രതികളെല്ലാം കുറ്റം സമ്മതിച്ചു. 500 രൂപ പിഴയടച്ച് ശിക്ഷയും ഏറ്റുവാങ്ങി.
ചൂതാട്ട നിരോധന നിയമപ്രകാരം പിടിച്ചെടുത്ത പണത്തിന്റെ പകുതി സര്‍ക്കാര്‍ ഖജനാവിന് നല്‍കണം. ബാക്കി പകുതി പണം കേസ് പിടിച്ച പോലീസുകാര്‍ക്ക് ലഭിക്കും. മുന്‍പും ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍, പകുതി പണം പോലീസുകാര്‍ക്ക് കിട്ടുമെന്ന കാര്യം പോലീസുകാര്‍ക്കും അറിയില്ലായിരുന്നു എന്ന് മാത്രം.
സംഭവം അറിഞ്ഞതോടെ കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി പോലീസ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഈ അപേക്ഷ പരിഗണിച്ച് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, പിടിച്ചെടുത്ത പണത്തിന്റെ പകുതിയായ 9 ലക്ഷം രൂപ പോലീസുകാര്‍ക്ക് നല്കാന് ഉത്തരവായി. സ്ക്വാഡില്‍ ഉണ്ടായിരുന്ന 23 ഉദ്യോഗസ്ഥര്‍ക്കാണ് ഒന്‍പത് ലക്ഷം രൂപ ലഭിക്കുക. ഇതില്‍ രണ്ട് സിഐമാരും രണ്ട് എസ്ഐമാരും ഉണ്ട്. ഒരു വനിത ഉള്‍പ്പെടെ ബാക്കി എല്ലാം സിവില്‍ പോലീസ് ഓഫീസര്‍മാരും.






