
കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരുന്ന വിമാനവാഹിനിക്കപ്പലില്‍നിന്ന് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കുകള്‍ മോഷ്ടിച്ച കേസിന്റെ തുടരന്വേഷണം പോലീസിനു കൈമാറാന്‍ ആലോചിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). സംഭവത്തില്‍ തീവ്രവാദബന്ധം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണു നീക്കം. കേസില്‍ അറസ്റ്റിലായ രാജസ്ഥാന്, ബിഹാര്‍ സ്വദേശികളായ രണ്ടു പെയിന്റിങ് തൊഴിലാളികളില്‍ ഒരാള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ട്.
മോഷണത്തിലുപരിയായി രഹസ്യം ചോര്‍ത്തുകയെന്ന ദുരുദ്ദേശ്യമുണ്ടായിരുന്നോയെന്നു മാത്രമാണ് ഇനി വ്യക്തമാകാനുള്ളത്. പ്രതികള്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇനി അന്വേഷിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ എന്‍.ഐ.എ. നിയമോപദേശം തേടും. ഇതു ലഭിക്കുന്നമുറയ്ക്ക് തുടരന്വേഷണം പോലീസിനു കൈമാറുന്നതിലും തീരുമാനം കൈക്കൊള്ളും.
** റിമാന്റിലായ പ്രതികള്‍ ക്വാറന്റൈനില്‍
കൊച്ചി: വിമാന വാഹിനിക്കപ്പലില്നിന്ന് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കുകള്‍ മോഷ്ടിച്ച കേസില്‍ റിമാന്റിലായ പ്രതികള്‍ ക്വാറന്റൈനില്‍. ബിഹാര്‍ സ്വദേശി സുമിത് കുമാര്‍ സിങ്(23), രാജസ്ഥാന് സ്വദേശി ദയാറാം(22) എന്നിവരെയാണ് എന്‍.ഐ.എ. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ വച്ചു മൊബൈല്‍ ഫോണില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കിയത്.
കോവിഡ് പരിശോധനയ്ക്കു ശേഷം കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റിയ ഇവരെ ക്വാറന്റൈനായി കറുകുറ്റിയിലേക്ക് കൊണ്ടുപോയി. തെളിവെടുപ്പിനായി വിട്ടുകിട്ടാന്‍ എന്‍.ഐ.എ. ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.






