
പ്രവാസികളെ തിരികെ കൊണ്ടുവരുന്നതില്‍ നിസംഗത കാണിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. പ്രവാസികള്‍ നമ്മുടെയാണ്, അവര്‍ മറ്റൊരു രാജ്യത്തുമാണ്. അവര്‍ തിരിച്ച് വരേണ്ടത് ഇങ്ങോട്ട് തന്നെയാണ്. ഇവിടെ മാസങ്ങളായി അവരെ ചികിത്സിക്കുന്ന ടീമിലെ ഒരെളിയ അംഗമായി ജോലി ചെയ്ത് വരുന്നു. ആ മനുഷ്യരോട് സ്നേഹമല്ലാതെ മറ്റൊന്നുമില്ല. അവരോടും പല വഴിക്ക് അയിത്തം കാണിക്കുന്നു ഇവിടെ ചിലര്‍. ഓരോ ദിവസം വൈകുന്തോറും ആന്ത്യന്തികമായി സഹിക്കുന്നത് കെഎംസിസിയുടേയും നോര്‍ക്കയുടേയും മറ്റ് സംഘടനകളുടേയും ഫുഡ് പാക്കറ്റ് കാത്ത് വറ്റി വരണ്ട കണ്ണുകളുമായി മുഖത്തോട് മുഖം നോക്കി കാത്തിരിക്കുന്നവരാണ്. പണിയും കൂലിയും നഷ്ടപ്പെട്ട ടിക്കറ്റിന് പോയിട്ട് അരിക്ക് കാശില്ലാത്തപ്പോഴും വിമാനം കിനാവ് കാണുന്ന ഏറ്റവും സാധാരണക്കാരായ പ്രവാസികള്‍. - ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഷിംനയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
പ്രവാസികളെ കുത്തിനോവിക്കുന്ന ചില രാഷ്ട്രീയ പോസ്റ്റുകളും കമന്റുകളും കണ്ട് ചൊറിഞ്ഞ് വന്നിട്ട് പറഞ്ഞ് പോണതാണ്. പാര്‍ട്ടി ഏതായാലും വേണ്ടില്ല, ജനങ്ങളെ സേവിക്കാനാണ് രാഷ്ട്രീയം, അവനവന് സേവിക്കാനല്ല.
ലേബര്‍ ക്യാംപുകളില്‍ വിസ കഴിഞ്ഞവരും നിത്യരോഗികളും അടക്കം പെട്ടി പാക്ക് ചെയ്ത് ഇരിപ്പുണ്ട്. കുഞ്ഞ് പിറന്ന പാടേ അവനിടാനുള്ള ഉടുപ്പ് വാങ്ങി വെച്ചെങ്കിലും ലീവ് ക്യാന്‍സലായി, പോകാന്‍ സാധിക്കാത്ത, ഇപ്പോള്‍ ആ കുഞ്ഞാവക്ക് എട്ട് മാസം തികഞ്ഞൊരച്ഛന് ആ ഉടുപ്പിന്റെ ഫോട്ടോ അയച്ച് തന്നിരുന്നു. മുലപ്പാല്‍ മണത്തിരുന്ന എന്റെ സോനുവിന്റെ രൂപം ഓര്‍മ്മ വന്നു. എത്ര മനുഷ്യരാണ് എങ്ങാണ്ടൊക്കെയോ കുടുങ്ങി കിടക്കുന്നത്.
പ്രവാസികള്‍ നമ്മുടെയാണ്, അവര്‍ മറ്റൊരു രാജ്യത്തുമാണ്. അവര്‍ തിരിച്ച് വരേണ്ടത് ഇങ്ങോട്ട് തന്നെയാണ്. ഇവിടെ മാസങ്ങളായി അവരെ ചികിത്സിക്കുന്ന ടീമിലെ ഒരെളിയ അംഗമായി ജോലി ചെയ്ത് വരുന്നു. ആ മനുഷ്യരോട് സ്നേഹമല്ലാതെ മറ്റൊന്നുമില്ല. അവരോടും പല വഴിക്ക് അയിത്തം കാണിക്കുന്നു ഇവിടെ ചിലര്‍.
മുപ്പതും നാല്പതും കൊല്ലം തുടര്‍ച്ചയായി ഗള്‍ഫില്‍ ജോലി ചെയ്തവരുടെ വോയ്സ് മെസേജൊക്കെ കേള്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നതെന്ന് പറയാന്‍ കൂടി വയ്യ. വാര്‍ദ്ധക്യം ശബ്ദത്തെ വരെ പിടികൂടിയവര്‍ ആ അട്ടിക്കട്ടിലുകളില്‍ യാതൊരു നിശ്ചയവുമില്ലാതെ...
അവരില്‍ മുന്‍ഗണന കിട്ടി ഇങ്ങോട്ട് പറക്കുന്നവര്‍ അര്‍ഹരാകണം, അവര്‍ തന്നെ എത്രയും വേഗം ഇവിടെ എത്തുകയും വേണം. കോവിഡ് പരിശോധന നടത്തിയ ശേഷം പ്രത്യേകം വിമാനത്തില്‍ ഇങ്ങെത്തുന്നത് രോഗപ്പകര്‍ച്ച തടയുമെന്നതിന് എതിരഭിപ്രായമില്ല. എന്നാല്‍, ചിലവേറിയതും, പലയിടത്തും അപ്രായോഗികവുമായ ടെസ്റ്റ് നിര്‍ബന്ധിതമാക്കുന്നത് വഴി മുങ്ങിത്താഴുന്നവരുടെ കാലില്‍ കല്ല് കെട്ടിത്തൂക്കുന്ന അവസ്ഥയാണുണ്ടാവുന്നത്. അത് അവര്‍ക്ക് പ്രാപ്യമാവുന്ന ഉയരത്തിലേക്ക് കൊണ്ടുവന്നെത്തിച്ചേ തീരൂ...
ഓരോ ദിവസം വൈകുന്തോറും ആന്ത്യന്തികമായി സഹിക്കുന്നത് കെഎംസിസിയുടേയും നോര്‍ക്കയുടേയും മറ്റ് സംഘടനകളുടേയും ഫുഡ് പാക്കറ്റ് കാത്ത് വറ്റി വരണ്ട കണ്ണുകളുമായി മുഖത്തോട് മുഖം നോക്കി കാത്തിരിക്കുന്നവരാണ്. പണിയും കൂലിയും നഷ്ടപ്പെട്ട ടിക്കറ്റിന് പോയിട്ട് അരിക്ക് കാശില്ലാത്തപ്പോഴും വിമാനം കിനാവ് കാണുന്ന ഏറ്റവും സാധാരണക്കാരായ പ്രവാസികള്‍.
പൊങ്ങച്ചവും പോരിശയുമില്ലാത്ത പച്ചമനുഷ്യര്‍.
Dr. Shimna Azeez






