
ഇടുക്കി: അണക്കരയിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വണ്ടന്മേട് പൊലീസാണ് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ അധ്യാപകൻ ഒരു മാസത്തേക്ക് അവധിയിൽ പ്രവേശിക്കണമെന്ന് പി.ടി.എ നിർദേശിച്ചു. പകരം താൽക്കാലിക അധ്യാപകനെ നിയമിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
അധ്യാപകൻ തന്നെ കളിയാക്കിയെന്നാരോപിച്ച് വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വെച്ച് മർദിച്ചതായാണ് പരാതി. ചൂരൽ കൊണ്ട് പലതവണ അടിക്കുകയും മുട്ടിൽ നിർത്തി കാലിൽ ചവിട്ടുകയും മുഖത്തടിക്കുകയും വയറിന് ചവിട്ടുകയും ചെയ്തുവെന്നാണ് കുട്ടിയുടെ മൊഴി. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷമാണ് കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
അതേസമയം, മർദിച്ചിട്ടില്ലെന്നാണ് അധ്യാപകന്റെ വിശദീകരണം. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.






