
പത്തനംതിട്ട: ചിറ്റാറിൽ 35 കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് നിർണായക നീക്കവുമായി മുന്നോട്ട്. കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ചിറ്റാർ സ്വദേശിയായ സന്ദീപനെ ഞായറാഴ്ച രാത്രി വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുപ്പത്തിലായിരുന്ന യുവതിയെ കൂട്ടിക്കൊണ്ടുവരാൻ പോയതായി പറഞ്ഞാണ് സന്ദീപ് വീട്ടിൽ നിന്ന് പുറപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു.
സംഭവത്തിൽ യുവാവിന്റെ പിതാവ് സദാനന്ദൻ യുവതിയുടെ ബന്ധുക്കൾ മകനെ മർദിച്ചതായും കൊലപാതകമാണെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വിവിധ കോണുകളിൽ അന്വേഷണം നടത്തുന്നത്.
അതേസമയം, സംഭവത്തിന് പിന്നാലെ വിവാഹിതയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. മരണം കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകുമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള പൊലീസ്, ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഉൾപ്പെടെ ലഭിച്ചതിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് വ്യക്തമാക്കുന്നത്.






