
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്നുള്ള യാത്ര വൈകിയ സംഭവത്തിൽ കർശന നടപടിയുമായി സർക്കാർ. സംഭവത്തിൽ വീഴ്ച വരുത്തിയ കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്‌പെൻഡ് ചെയ്തു. പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനത്തിലുണ്ടായ ഗുരുതരമായ പിഴവാണ് യാത്ര തടസ്സപ്പെടാൻ കാരണമായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് അടിയന്തര നടപടി.
പ്രതിപക്ഷ നേതാവിന്റെ പ്രോട്ടോക്കോൾ ചുമതല വഹിച്ചിരുന്ന ശ്രീകുമാർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതായി അഡീഷണൽ റസിഡന്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പ്രോട്ടോക്കോൾ ഓഫീസറും വിമാനക്കമ്പനി അധികൃതരും തമ്മിൽ നടക്കേണ്ടിയിരുന്ന ആശയവിനിമയത്തിൽ പാളിച്ച ഉണ്ടായതാണ് പ്രധാന പ്രശ്നമായത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ സസ്പെൻഷൻ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്‌ച ഉച്ചയ്ക്ക് ഡൽഹിയിൽ നിന്ന് 2.50-നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്ക് പോകാനായിരുന്നു പിണറായി വിജയൻ വിമാനത്താവളത്തിലെത്തിയത്. വിഐപി ലോഞ്ചിൽ ഇരുന്ന പിണറായി വിജയനെ വിമാനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വിമാനക്കമ്പനി അധികൃതർ കൃത്യസമയത്ത് എത്താതിരുന്നതാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചത്.. ഏകോപനപ്പിഴവ് മൂലം അദ്ദേഹം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടിവരികയും യാത്ര വൈകുകയും ചെയ്തു.
യാത്ര വൈകിയതിനെ തുടർന്ന് പിന്നീട് മറ്റൊരു വിമാനത്തിലാണ് പ്രതിപക്ഷ നേതാവ് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്. പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ ഉന്നതതലത്തിൽ വലിയ ഗൗരവത്തോടെ ഏറ്റെടുത്ത് പരിശോധന നടത്തുമെന്ന് സർക്കാർ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഓഫീസറുടെ സസ്‌പെൻഷനിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്.






