
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്. എല്‍ഡിഎഫ് സഹകരിക്കില്ല എന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് നീക്കം ഉപേക്ഷിച്ചത്. അവിശ്വാസ പ്രമേയത്തെ സ്വാഗതം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മേയർ വി.വി രാജേഷ് പ്രഖ്യാപിച്ചിരുന്നു.
വേണ്ടസമയത്ത് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നു എന്നും യുഡിഎഫിന്റെ ഇപ്പോഴത്തെ നീക്കം ജനങ്ങളെ പറ്റിക്കാനാണെന്നും സിപിഎം നേതാവ് വി.ശിവൻകുട്ടി പറഞ്ഞു. ഭരണത്തിനെതിരെ കഴിഞ്ഞ കുറേ ആഴ്ചകളായി എൽഡിഎഫ് സമര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും യുഡിഎഫ് പ്രതികരണമൊന്നും നടത്തിയിരുന്നില്ല. അതിനാലാണ് ഇപ്പോൾ കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കേണ്ട എന്ന് ഇടതുപക്ഷം തീരുമാനം കൈക്കൊണ്ടത്.
വിവാദങ്ങൾക്കിടയിൽ ഇന്ന് ചേരുന്ന എൽഡി എഫ് കൗൺസിൽ യോഗം നിർണായകമാവും. യോഗത്തിൽ കൗൺസിലർ സുഗതനെതിരെ പ്രതിപക്ഷം നടപടി ആവശ്യപ്പെടുമെന്നാണ് സൂചന.
അവിശ്വാസം കൊണ്ടുവരണമെങ്കിൽ ആകെ അംഗങ്ങളുടെ മൂന്നിലൊന്ന് (34 പേർ) പ്രമേയ നോട്ടീസിൽ ഒപ്പിടണം. 20 അംഗങ്ങൾ മാത്രമുള്ള യുഡിഎഫിനോ, 29 അംഗങ്ങളുള്ള എൽഡിഎഫിനോ തനിയെ നോട്ടീസ് നൽകാൻ കഴിയില്ല. അതിനാൽ, നോട്ടീസ് നൽകാൻ പോലും ആകാത്ത അവസ്ഥയിലാണിപ്പോൾ. പ്രമേയം കൗൺസിലിൽ ചർച്ചയ്ക്ക് എടുക്കണമെങ്കിൽ പകുതിയിലധികം അംഗങ്ങൾ (കുറഞ്ഞത് 51 പേർ) ഹാജരാകണം. ഭരണകക്ഷി വിട്ടു നിന്നാൽ അത് സാധ്യമാവില്ല. ഒരു സ്വതന്ത്രൻ ഉൾപ്പെടെ ബിജെപിക്ക് 51 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. എന്നാൽ, കൗൺസിലർ സുഗതൻ ജയിലിൽ ആയതോടെ ഭൂരിപക്ഷം 50 ആയി ചുരുങ്ങി.






