
കാസര്‍ഗോഡ്: തൊഴില്‍ തേടി കേരളത്തില്‍ എത്തി മോഷണത്തിനും ജയില്‍ ചാട്ടത്തിനും കണ്ണൂര്‍ സ്പെഷ്യല്‍ ജയിലില്‍ കഴിയുന്ന അന്യസംസ്ഥാനക്കാരന് ജാമ്യം നേടിക്കൊടുക്കാനുള്ള നെട്ടോട്ടത്തലാണ് കണ്ണൂര്‍ ജയില്‍ അധികൃതര്‍. യുപിയില്‍ നിന്നും കേരളത്തില്‍ എത്തി നഗരത്തിലെ ഒരു ബാങ്കില്‍ നിന്നും 600 രൂപ മോഷ്ടിച്ചാണ് 18 വയസ്സുള്ള അജയകുമാര്‍ ജയലിലായത്. നാലു ദിവസം കഴിഞ്ഞപ്പോള്‍ ജയില്‍ ചാടാനും ഒരുങ്ങിയതോടെ ആ കുറ്റവും തലയിലായി. ചെറിയ കുറ്റങ്ങള്‍ക്ക് ജയിലിലായവരെ ജാമ്യത്തില്‍ വിട്ടയയ്ക്കാനുള്ള ലോക്ക്ഡൗണ്‍ യജ്ഞത്തിന്റെ ഭാഗമായി ഇയാള്‍ക്കും ജാമ്യം നല്കി നാട്ടിലേക്ക് അയയക്കാനുള്ള നീക്കത്തിലാണ്.
സിനിമാക്കഥ പോലെയാണ് അജയകുമാറിന്റെ കഥ. യുപി ഹിമാപൂര് സ്വദേശിയായ അജയകുമാര്‍ തൊഴില്‍ തേടിയാണ് കാസര്‍ഗോഡ് എത്തിയത്. ലോക്ഡൗണിന് തൊട്ടു മുമ്പ് നഗരത്തില്‍ എത്തിയ ഇയാള്‍ ആദ്യ ആഴ്ച തന്നെ ഒരു ഹോട്ടലില്‍ ക്ളീനിംഗ് ജോലിക്ക് കയറി. എന്നാല്‍ ഒരാഴ്ച ജോലി ചെയ്തിട്ടും ഒരു രൂപ പോലും കൂലി നല്‍കാതെ ഹോട്ടലുടമ വഞ്ചിച്ചു. ഇതോടെ വയര്‍ നിറയ്ക്കാന്‍ കാസര്‍ഗോഡ് നഗരത്തില്‍ ദിവസങ്ങളോളം ഭിക്ഷയെടുത്തു. എന്നാല്‍ തൊട്ടുപിന്നാലെ ലോക്ക്ഡൗണ്‍ വന്നതോടെ അങ്ങിനെയും ഒന്നും കിട്ടാതായി.
രണ്ടു ദിവസത്തോളം പട്ടിണി കിടന്നതോടെ വിശപ്പ് സഹിക്കാന്‍ കഴിയാതായപ്പോള്‍ നഗരത്തിലെ ഒരു ബാങ്കില്‍ കയറി മേശവലിപ്പില്‍ നിന്നും കയ്യില്‍ കിട്ടിയ നോട്ടെടുത്തു. 600 രൂപയായിരുന്നു മോഷ്ടിച്ചത്. എന്നാല്‍ പിടിക്കപ്പെട്ടു. കണ്ണൂര്‍ ജയലിലെ ക്വാറന്റൈന് സെല്ലിലേക്കാണ് അയച്ചത്. നാലാം ദിവസം അവിടെ നിന്നും ജയില്‍ ചാടി. എന്നാല്‍ പോലീസ് പിടികൂടി ജയില്‍ ചാട്ടത്തിന്റെ ഒരു കേസു കൂടി തലയിലായി. കണ്ണൂര്‍ സ്പെഷ്യല്‍ സബ്ജയിലിലേക്കാണ് അയച്ചത്. ഇതിനിടയിലായിരുന്നു കോവിഡിന്റെ ഭാഗമായി ചെറിയ കുറ്റം ചെയ്തവര്‍ക്ക് ജാമ്യം നല്‍കാനുള്ള നടപടി എടുത്തത്. അജയ് കുമാറിന്റെ കാര്യം വന്നപ്പോള്‍ ജാമ്യം നില്ക്കാന് ആരുമില്ല.
വീട്ടുകാരെ വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരുടെ വിവരങ്ങള്‍ അറിയില്ല എന്നാണ് കിട്ടിയ മറുപടി. കിട്ടിയ ചെറിയ വിവരം വെച്ച് യുപിയിലെ ഹിമാപൂര് എസ്പിയെ കണ്ണൂര്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ വീട്ടുകാര്‍ക്ക് വലിയ സാഹചര്യമില്ലെന്ന് മനസ്സിലായി. ജാമ്യം നേടാന്‍ കാസര്ഗോട്ടുള്ള ഒരു അഭിഭാഷകനെ ഒരുക്കിക്കൊടുത്തതും പോലീസാണ്. ആള് ജാമ്യം ഇല്ലാത്തതിനാല്‍ കോടതിയില്‍ പണം കെട്ടി വെയ്ക്കണം. വേണ്ടത് 25,000 രൂപയാണ്. ഇത് സംഘടിപ്പിക്കാമെന്ന് കുടുംബം മറുപടി നല്കി. എന്നാല്‍ ജയില്‍ചാട്ട കുറ്റത്തിന് കൂടി ജാമ്യം നേടണമെന്ന തടസ്സമാണ് മുന്നിലുള്ളത്. അത് കൂടി മറി കടക്കാനായാല്‍ അജയകുമാറിന് തിരിച്ച് നാട്ടിലെത്താം.






