
തിരുവല്ല: ചെറുവള്ളി എസ്റ്റേറ്റ് ഭൂമി തങ്ങളുടേതാണെന്നും സര്‍ക്കാര്‍ പണം കെട്ടിവയ്ക്കുന്നതുതന്നെ അതിനു തെളിവാണെന്നും ബിലീവേഴ്സ് ചര്‍ച്ച്. എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ പ്രതികരണം. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു മൂന്നു പ്രധാന വിഷയങ്ങളാകും ബിലിവേഴ്സ് ചര്‍ച്ച് കോടതിയില്‍ ഉന്നയിക്കുകയെന്നു പി.ആര്.ഒ: ഫാ.സിജോ പന്തപ്പള്ളില്‍ അറിയിച്ചു.
ഹാരിസണ്‍സിന്റെ മറ്റു ഭൂമികളൊന്നും തൊടാതെ തങ്ങള്‍ അവരില്‍നിന്നു വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റ്മാത്രം ഏറ്റെടുക്കാന്‍ താത്പര്യം കാണിക്കുന്നത് എന്തിന് എന്നതാകും ഒന്നാമത്തെ ചോദ്യം. കേസിന്റെ വിചാരണവേളയില്‍ ഇത്തരമൊരു ചോദ്യം ഹൈക്കോടതി ഉന്നയിച്ചിരുന്നെന്നും അതു വീണ്ടും കോടതിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് സര്‍ക്കാര്‍ സാധാരണ ഇടപെട്ടു കോടതിയില്‍ പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാറുള്ളത്. ഇവിടെ സര്‍ക്കാരാണ് തര്‍ക്കം ഉന്നയിക്കുന്നത്. ഇതു തങ്ങളുടെ ഭൂമിയാണെന്നു തങ്ങള്‍ക്ക് ഉറപ്പുണ്ട്. അവകാശവാദമുന്നയിക്കുന്ന സര്‍ക്കാരിനു പക്ഷേ അതില്ല. അതു കൊണ്ടാണല്ലോ അവര്‍ ഭൂമി ഏറ്റെടുക്കാന്‍ പണം കെട്ടിവയ്ക്കാന്‍ തയാറായിട്ടുള്ളത്. സര്‍ക്കാര്‍ ഭൂമിയാണെങ്കില് ഏറ്റെടുത്താല്‍ പോരേ, പണം കെട്ടിവയ്ക്കാന്‍ നില്‍ക്കുന്നത് എന്തിന്?-അദ്ദേഹം ചോദിച്ചു.
ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട വിഷയമാകും മൂന്നാമതായി ഉന്നയിക്കുക. പദ്ധതിക്ക് ആവശ്യമുള്ള ഭൂമിമാത്രമേ ഏറ്റെടുക്കാന്‍ കഴിയൂവെന്ന് ആ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ലൂയിസ് ബര്‍ഗര്‍ സമര്‍പ്പിച്ചിരിക്കുന്ന പഠന റിപ്പോര്‍ട്ട് പ്രകാരം വിമാനത്താവള പദ്ധതിക്ക് 700 ഏക്കറാണ് ആവശ്യമുള്ളത്. പിന്നെങ്ങനെ 2263 ഏക്കര്‍ ഏറ്റെടുക്കാന്‍ കഴിയും? 700 ഏക്കര്‍ പണം നല്കി ഏറ്റെടുക്കുന്നതിനു സഭയ്ക്കു വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പാഡി ആക്ട്, എന്വയണ്മെന്റല് ആക്ട് എന്നിവ കര്‍ശനമായി പരിപാലിച്ചുവേണം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനെന്ന് നിര്ദേശിച്ചിട്ടുെണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






