
തൃശൂര്‍: തുടര്‍ഭരണം സാധ്യമാക്കിയ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൃത്രിമമായ ആഖ്യാനങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. മുഖ്യമന്ത്രി ജനങ്ങള്‍ക്ക് സ്വീകാര്യനല്ല എന്ന പൊതുബോധം സൃഷ്ടിക്കാന്‍ തെരഞ്ഞെടുപ്പ് വേളയില്‍ മാധ്യമങ്ങളെ ശക്തമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതിപക്ഷത്തായതോടെ സെക്രട്ടറിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരായി പുതിയ പ്രചാരണങ്ങള്‍. ആത്യന്തികമായ ഉന്നം പാര്‍ട്ടിയാണ്. ഇത് മനസിലാക്കി പ്രതിരോധിച്ചില്ലെങ്കില്‍ മുന്നോട്ടുള്ള പ്രയാണം പ്രതിസന്ധി നിറഞ്ഞതാവും. ആശയവ്യക്തതയോടെ മാത്രമേ ഈ പ്രതിരോധം സാധ്യമാവൂ. വിവിധ പാര്‍ട്ടി ഘടകങ്ങളില്നിന്നുയര്ന്ന വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ട് തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകാന്‍ ആര്‍ജവം കാണിച്ച പാര്‍ട്ടിയാണിത്. ഈ ആര്ജവത്തോടെത്തന്നെയാണ് റിവ്യൂ റിപ്പോര്‍ട്ട് തയ്യാറാക്കി അംഗീകരിച്ചത്. എന്നാല്‍, റിപ്പോര്‍ട്ട് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ അസംബന്ധം പ്രചരിപ്പിക്കുകയാണ്. തിരുത്തി കരുത്താര്‍ജിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിക്കുക എന്ന അജന്‍ഡ നേതൃത്വത്തിന് മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഇ.എ.എസ് സ്മൃതിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയെ ചെറുക്കുന്നതില്‍ യഥാര്‍ഥ വിശ്വാസികള്‍ക്കാണ് പ്രധാന പങ്കുവഹിക്കാന്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഐ.ആര് നടപ്പാക്കുന്നതിലൂടെ മുസ്ലിം സമുദായം ഒറ്റപ്പെട്ടുപോകുന്നു എന്ന ബോധം പൊതുവായി സൃഷ്ടിക്കപ്പെട്ടു. ന്യൂനപക്ഷ ധ്രുവീകരണത്തിനായി ജമാഅത്തെ ഇസ്ലാമി അവതരിപ്പിച്ച ഈ ആശയതലം മുസ്ലിംലീഗ് വഴി നടപ്പാക്കി. മലബാറില്‍ അതിന്റെ ഗുണഭോക്താക്കളായി കോണ്‍ഗ്രസ് മാറിയെന്നും അദേഹം പറഞ്ഞു.






