
കിഴക്കമ്പലം(കൊച്ചി): ഒടുവില്‍ മലയിടംതുരുത്ത് പാര്യത്തുകാവിലെ ഏഴ് ദളിത് കുടുംബങ്ങളുടെ നെഞ്ചിലെ തീയണഞ്ഞു. ദശാബ്ദങ്ങളായി നീണ്ടുനിന്ന നിയമയുദ്ധങ്ങള്‍ക്കും രാഷ്ട്രീയപ്പോരുകള്‍ക്കും ഒടുവില്‍ ചരിത്രപരമായ ഒത്തുതീര്‍പ്പ് പാക്കേജ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെ രാഷ്ട്രീയഭേദമന്യേ വലിയ ആശ്വാസത്തോടെയും സംതൃപ്തിയോടെയുമാണ് പൊതുസമൂഹം വരവേല്‍ക്കുന്നത്.
സുപ്രീംകോടതി വിധിയെ മാനിച്ചുകൊണ്ട് തന്നെ പാവപ്പെട്ട ദളിത് കുടുംബങ്ങള്‍ക്ക് മാന്യമായ പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞത് കേരളത്തിന്റെ ജനകീയ സമരചരിത്രത്തിലെ സവിശേഷമായ അധ്യായമായി മാറി. സുപ്രീംകോടതിയുടെ അന്തിമവിധി ഭൂവുടമകള്‍ക്ക് അനുകൂലമായതോടെ വര്‍ഷങ്ങളായി അവിടെ താമസിച്ചിരുന്ന ഏഴ് ദളിത് കുടുംബങ്ങള്‍ പൂര്‍ണ്ണമായി കുടിയൊഴിപ്പിക്കപ്പെടേണ്ട സാഹചര്യത്തിലായിരുന്നു.
കുടിയൊഴിപ്പിക്കല്‍ നടപടികളുമായി ഏതുനിമിഷവും എത്തിയേക്കാവുന്ന കോടതി കമ്മിഷനെയും പോലീസിനെയും ഭയന്ന് പ്രായമായവരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന നാളുകള്‍ അതീവ ദയനീയമായിരുന്നു. സ്വന്തം മണ്ണില്‍ നിന്ന് തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്ന അവസ്ഥയില്‍ ഇവര്‍ നടത്തിയ അതിജീവന സമരം വലിയ ജനശ്രദ്ധയാകര്‍ഷിച്ചു.കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സി.പി.എം. നേരിട്ട് ഈ സമരം ഏറ്റെടുക്കുകയും കുടുംബങ്ങള്‍ക്ക് താങ്ങായി നില്‍ക്കുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കമ്മിഷനെ രാഷ്ട്രീയ പ്രതിരോധത്തിലൂടെ തടയാന്‍ ശ്രമിച്ചെങ്കിലും നിയമപരമായ പരിമിതികള്‍ സമരത്തിന് വലിയ വെല്ലുവിളിയായി.
അന്ന് ജില്ലയില്‍ നിന്നുള്ള മന്ത്രിയായിരുന്ന പി. രാജീവും എല്‍.ഡി.എഫ് സര്‍ക്കാരും തുടക്കത്തില്‍ തന്നെ കൂടുതല്‍ ഗൗരവത്തോടെ ഇടപെട്ടിരുന്നെങ്കില്‍ പ്രശ്നം ഇത്രത്തോളം വഷളാകില്ലായിരുന്നു എന്ന ആക്ഷേപം ഇപ്പോഴും ശക്തമാണ്. പിന്നീട് സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാവുകയും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തതോടെ ഉന്നതി നിവാസികള്‍ വീണ്ടും കടുത്ത കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലായി. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ പോലീസ് നടത്തിയ കര്‍ശനമായ ഇടപെടലുകള്‍ പുതിയ സര്‍ക്കാരിനും തലവേദനയായി. കോടതിവിധിയെ ലംഘിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ പുതിയ സര്‍ക്കാര്‍, ദളിത് വിഭാഗങ്ങളുടെ പുനരധിവാസം ഉറപ്പാക്കിക്കൊണ്ടുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കാണ് പിന്നീട് മുന്‍കൈ എടുത്തത്.
ഇതിനായി മന്ത്രി റോജി എം.ജോണ്‍, വി.പി. സജീന്ദ്രന് എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ നിരന്തരമായ ചര്‍ച്ചകള്‍ നടന്നു. കോടതി അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഭൂവുടമകളെയും സമരസമിതിയെയും ഒരുമിച്ചിരുത്തി ചരിത്രപരമായ ഒത്തുതീര്‍പ്പില്‍ സര്‍ക്കാര്‍ എത്തിയത്. ഭൂവുടമകള്‍ വിട്ടുനല്‍കുന്ന അഞ്ച് സെന്റ് സ്ഥലത്ത് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് 1000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന ഉറപ്പ് വന്നതോടെയാണ് ദീര്‍ഘകാലത്തെ തര്‍ക്കത്തിന് ശുഭപര്യവസാനമായത്.
പഴയകാല രാഷ്ട്രീയ ചേരിതിരിവുകള്‍ മറന്ന് ദളിത് കുടുംബങ്ങളുടെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ കഴിഞ്ഞതില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നാട്ടുകാരും ഒരുപോലെ സംതൃപ്തി പ്രകടിപ്പിക്കുന്നു.






