
തിരുവനന്തപുരം/കൊച്ചി: സ്ത്രീകള്‍ക്കായി യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് സി.പി.എം എം.എല്‍.എമാര്‍ വിട്ടുനില്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.
ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര അനുവദിക്കുന്ന സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
''സൗജന്യ യാത്ര എന്ന് ആദ്യം പ്രഖ്യാപിച്ചപ്പോള്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം എന്ന് പറഞ്ഞിരുന്നില്ല. മലബാര്‍ മേഖലയിലടക്കം പല സ്ഥലങ്ങളിലും ഓര്‍ഡിനറി ബസുകള്‍ കുറവാണ്. പറയുന്നതൊന്നും നടപ്പാക്കുന്നത് മറ്റൊന്നുമാണ്. ഇത് ആളെ പറ്റിക്കലാണ്'' -അദ്ദേഹം പറഞ്ഞു.
അതേസമയം, എം.വി ഗോവിന്ദന് മറുപടിയുമായി ഗതാഗത മന്ത്രി സി.പി. ജോണ്‍ രംഗത്തെത്തി. സി.പി.എമ്മിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്ന് അദ്ദേഹം പരിഹസിച്ചു. സി.പി.എം പല തെറ്റുകളും തിരുത്തുന്നുണ്ടല്ലോ, ഈ തെറ്റും അവര്‍ക്ക് പിന്നീട് തിരുത്തേണ്ടി വരും. എന്തായാലും അവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന തീരുമാനം തിരുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
തൊഴിലാളി സ്ത്രീകള്‍ക്ക് ഏറെ ഉപയോഗപ്പെടുന്ന പദ്ധതിയാണിത്. ആ പദ്ധതി ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടി തന്നെ ബഹിഷ്കരിച്ചാല്‍ എന്ത് ചെയ്യും? ഇത് ചരിത്രപരമായ വിഡ്ഢിത്തമാണ്. ഈ പദ്ധതി ബഹിഷ്കരിച്ചാല്‍ അവര്‍ക്ക് 'ബസ് മിസാ'കുമെന്നും അദ്ദേഹം പരിഹസിച്ചു.
പ്രിയദര്‍ശിനി സൗജന്യയാത്ര വഴി കെ.എസ്.ആര്.ടി.സിക്കുണ്ടാകുന്ന നഷ്ടം എങ്ങനെ നികത്തണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.
തുക മാസം അവസാനം നല്‍കാമെന്ന വാഗ്ദാനം കെ.എസ്.ആര്.ടി.സി തള്ളിയിരുന്നു. നിലവില്‍ സര്‍ക്കാര്‍ മാസംതോറും നല്കുന്ന 125 കോടി രൂപ കൊണ്ടാണ് ശമ്പളവും പെന്‍ഷനും നല്‍കുന്നത്. ഇതിന് പുറമേയാണ് സൗജന്യയാത്രയ്ക്കായി പ്രതിമാസം 60 കോടി രൂപ കൂടി കണ്ടെത്തേണ്ടത്. ഇതോടെയാണ് ഓവര്‍ഡ്രാഫ്റ്റ് എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ബാങ്കുകള്‍ വഴി കെ.എസ്.ആര്.ടി.സിക്ക് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇതിനായി സര്‍ക്കാര്‍ ഗ്യാരന്റി നില്ക്കും. ഈ പണം മാസം ആദ്യം മുന്‍കൂറായി കെ.എസ്.ആര്.ടി.സിക്ക് ലഭ്യമാകും. മാസം അവസാനത്തോടെ പലിശ ഉള്‍പ്പെടെയുള്ള തുക സര്‍ക്കാര്‍ അടച്ചുതീര്‍ക്കും. ഇത് ഒരു സ്ഥിരം സംവിധാനമാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ചില പ്രമുഖ ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വിശദീകരിച്ചു.
'പ്രിയദര്‍ശനി' ജനകീയമാക്കാന്‍ ആറിന നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 'പ്രിയദര്‍ശിനി' പദ്ധതി ഇന്ന് നടപ്പാകുമ്പോള്‍ അത് ജനങ്ങളിലെത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംഘടനാ ചുമതലയുള്ള കെപി.സി.സി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് ആറിന നിര്‍ദേശം നല്കി.
എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളും പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണം. ബസ് സ്റ്റാന്‍ഡുകള്‍, ടൗണ്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ വിശദീകരണ പരിപാടികള്‍ സംഘടിപ്പിക്കണം. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രത്യേക സ്ക്വഡുകള്‍ രൂപീകരിച്ച് പ്രചാരണ പ്രവര്‍ത്തനം നടത്തണം. വാര്‍ഡ് തലത്തില്‍ വിശദീകരണ യോഗങ്ങളും ഗൃഹസമ്പര്‍ക്ക പരിപാടികളും നടത്തണം. പ്രധാന കേന്ദ്രങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണം നടത്തണം.
പദ്ധതി ഉദ്ഘാടനം ചെയ്യുന്ന ഇന്ന് നിയോജക മണ്ഡലം തലത്തില്‍ പരമാവധി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണം തുടങ്ങിയവാണ് നിര്‍ദേശങ്ങള്‍. യു.ഡി.എഫ് സര്‍ക്കാര്‍ ഒന്നൊന്നായി വാഗ്ദാനങ്ങള്‍ പാലിച്ചു മുന്നോട്ടുപോകുകയാണെന്ന സന്ദേശം കേരളമൊട്ടാകെ എത്തിക്കാന്‍ പാര്‍ട്ടി സംവിധാനമൊന്നാകെ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപെട്ടു.
കെ.എസ്.ആര്.ടി.സി. ഇനി കൂടുതല്‍ പ്രഫഷണലാകും: സതീശന്
പറവൂര്‍: കൃത്യമായ പഠനങ്ങള്‍ നടത്തി, ഏറ്റവും പ്രഫഷണലായ രീതിയിലായിരിക്കും കെ.എസ്.ആര്.ടി.സിയെ മുന്നോട്ട് കൊണ്ടുപോകുകയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ആലുവ-പറവൂര്‍ റൂട്ടില്‍ പുതുതായി അനുവദിച്ച നാല് കെ.എസ്.ആര്.ടി.സി. ബസുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടുത്ത ആറുമാസത്തിനുള്ളില്‍ കെ.എസ്.ആര്.ടി.സി.യില്‍ വലിയ തോതിലുള്ള ഗുണപരമായ മാറ്റം ദൃശ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാധാരണക്കാരുടെ പ്രധാന ആശ്രയമായ പൊതുഗതാഗത സംവിധാനത്തെ ഏറ്റവും മികച്ച രീതിയില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ഉറപ്പാക്കും.
കേരളത്തില്‍ എവിടെയെല്ലാം യാത്രാത്തിരക്കുണ്ടോ, എവിടെയൊക്കെയാണോ വണ്ടികളില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് അവിടെയെല്ലാം പുതിയ ബസുകള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.






