
കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ജൂണ്‍ 11 നു ഒരാള്‍ക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ഇന്നലെ ലഭിച്ച എട്ട് പേരുടെ പരിശോധനാഫലം ഉള്‍പ്പെടെ 11 പേരുടെയും ഫലങ്ങള്‍ നെഗറ്റീവ് ആണ്. നിപ രോഗബാധിതന് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. രോഗിക്ക് റിബാവറിന്‍ മരുന്ന് ആദ്യംമുതലേ നല്‍കിയിരുന്നു, മോണോകേ്ലാണല് ആന്റിബോഡി ആദ്യ ഡോസ് ജൂണ്‍ 12 ന് നല്‍കിയിരുന്നു. റെംഡിസിവര്‍ മരുന്ന് ആദ്യ ഡോസ് ഇന്നലെ പുലര്‍ച്ചെ രോഗിക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും ഐ.സി.എം.ആറിന്റെയും നിലവിലെ മാനദണ്ഡപ്രകാരം കൃത്യമായ ചികിത്സയാണ് രോഗിക്ക് നല്‍കുന്നത്.
ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റില്‍ അവലോകനയോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, അഡീഷണല്‍ സെക്രട്ടറി ഡോ. രേണുരാജ്, ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ. കെ.വി.വിശ്വനാഥന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി. രാജേഷ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജീത് കുമാര്‍, സൂപ്രണ്ട് ഡോ.ശ്രീജയന്‍ മറ്റ് ആരോഗ്യ വകുപ്പ് ഉദാ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച ആരോഗ്യമന്ത്രി, ഡോക്ടര്‍മാരുമായും നഴ്സിങ് ജീവനക്കാരുമായും ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ നിപ സമ്പര്‍ക്കപ്പട്ടികയില്‍ മൂന്നു പേരെക്കൂടി ഉള്‍പ്പെടുത്തി. മൂന്നുപേരും കുറഞ്ഞ റിസ്ക് വിഭാഗത്തിലുള്ളവരാണ്. ഇതോടെ നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 103 പേരാണുള്ളത്. ഇതില്‍ നാല് പേര് വളരെ ഉയര്‍ന്ന റിസ്ക് വിഭാഗത്തില്‍ പെട്ടവരും 14 പേര് ഉയര്‍ന്ന റിസ്ക് വിഭാഗത്തില്പെട്ടവരും 85 പേര് കുറഞ്ഞ വിഭാഗത്തില്‍പ്പെട്ടവരും ആണ്. സമ്പര്‍ക്ക പട്ടികയില്‍ 45 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന് അഞ്ചിലെ 320 വീടുകളിലെ 1047 പേരെ രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നറിയാന്‍ സര്‍വ്വേ നടത്തി. ആര്‍ക്കും തന്നെ നിലവില്‍ നിപ രോഗ ലക്ഷണങ്ങള്‍ ഇല്ല. ജില്ലാ നിപ കണ്ട്രോള് സെല്ലില്‍ നിന്നും സമ്പര്‍ക്കപ്പട്ടികയിലെ എല്ലാവരെയും ദിവസവും രണ്ടുനേരം ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. കൂടാതെ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരും ഇവരെ ബന്ധപ്പെടുന്നുണ്ട്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഇതുവരെ സമ്പര്‍ക്കത്തിലുള്ള 93 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്രസംഘം ഇന്ന് മേലേവാരം അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍, രാമനാട്ടുകര നഗരസഭ കാര്യാലയം എന്നിവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശസ്വയംഭരണ സ്ഥാപനം പ്രതിനിധികളുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് രോഗിയുടെ വീടും പരിസരപ്രദേശങ്ങളിലും സംഘം സന്ദര്‍ശിച്ച് പരിശോധന നടത്തുകയും രാമനാട്ടുകര നഗരസഭ പരിധിയിലെ വവ്വാലുകളുടെ വിവിധ ആവാസകേന്ദ്രം ഉള്‍പ്പെടെ രോഗി സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ വിശദമായി നിരീക്ഷണവും നടത്തി.






