
കൊച്ചി: രാജ്യാന്തര ബ്രാന്‍ഡുകള്‍ക്കൊപ്പം നാടിന്റെ സ്വന്തം ബ്രാന്‍ഡുകള്‍ക്കു കൂടി ഉണര്വേകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന ആഹ്വാനത്തിനൊപ്പം മംഗളം ദിനപത്രവും. കേരളത്തിലെ വലുതും ചെറുതുമായ എല്ലാ ബിസിനസ് ബ്രാന്‍ഡുകള്‍ക്കും ഉണര്‍വേകുകയാണ് ഈ ദൗത്യം കൊണ്ട് ഉദ്ദേശിക്കുന്നത്.
സമാനതകളില്ലാത്ത ദുരിതമാണ് കോവിഡ്-19 രോഗബാധമൂലം ലോകം അനുഭവിക്കുന്നത്. സമ്പദ് വ്യവസ്ഥയിലെ സമസ്തമേഖലകളും ദുരിതകാലമാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. എന്നാല്‍, ഏതൊരു തളര്‍ച്ചയിലും വളര്‍ച്ചയുടെ പുതുകിരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണു സംരംഭകരെ വിജയിപ്പിക്കുന്ന ഘടകം. കോവിഡ് കാലത്ത് വന്‍ പ്രതിസന്ധികള്‍ നേരിടുമ്പോഴും അത് വലിയ അവസരങ്ങള്‍ തുറന്നു തരുന്നുണ്ടെന്നും പ്രധാനമന്ത്രി രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. അതില്‍ അദ്ദേഹം ഊന്നിപ്പറയുന്നത് 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന ആശയമായിരുന്നു.
നമ്മുടെ ചുറ്റുവട്ടത്തുള്ള എല്ലാ ബിസിനസ് സംരംഭങ്ങളും, അത് ചെറുതോ വലുതോ ആകട്ടെ, അവയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന ആശയത്തിന്റെ അന്തഃസത്ത. സാമ്പത്തികമേഖലയില്‍ ഓരോരുത്തരൂം സ്വയംപര്യാപ്തതയിലെത്തുന്നതിന്റെ പ്രാധാന്യം കൂടി അതിലടങ്ങിയിട്ടുണ്ട്. എന്തിനുമേതിനും വിദേശബ്രാന്ഡുകളെ ആശ്രയിക്കുക എന്നത് സ്വാശ്രയജീവിതമെന്ന സ്വപ്നം വിദൂരമാക്കുകയാണ് ചെയ്യുന്നത്.
അടിസ്ഥാന കാര്‍ഷിക ഉല്‍പ്പാദന മേഖല മുതല്‍ ഇങ്ങോട്ടുള്ള എല്ലാ പ്രാദേശിക വിഭവങ്ങളെയും അതിനു പിന്നിലെ സംരംഭകരേയും വളര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിക്കഴിഞ്ഞു. സമ്പദ്ഘടനയെ പൂര്‍വസ്ഥിതിയിലേക്കു കൊണ്ടുവരാന്‍ അതുമാത്രമേ പോംവഴിയുമുള്ളൂവെന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
ഇതിലേക്കുള്ള വലിയ ചുവടുവയ്പാണ് മംഗളം ദിനപത്രവും മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിലെ എല്ലാ ചെറുകിട ബിസിനസ് ബ്രാന്‍ഡുകളെയും വന്‍കിട ബ്രാന്‍ഡുകളേയും ഒരുപോലെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരസ്യക്യാമ്പയിനാണ് ഇതു ലക്ഷ്യമിടുന്നത്. വന്‍കിട ബ്രാന്‍ഡുകള്‍ക്ക് ലഭിക്കുന്ന എല്ലാവിധ പരസ്യയിളവുകളും കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡുകള്‍ക്കും ലഭ്യമാക്കും.
ലുലു ഗ്രൂപ്പ്, ഫെഡറല്‍ ബാങ്ക്, വി ഗാര്‍ഡ്, കിറ്റെക്സ്, യു.എസ്. ടെക്നോളജീസ്, നെസ്റ്റ്, സിെന്തെറ്റ്, കല്യാണ്‍, മലബാര്‍ ഗോള്‍ഡ്, ജോയ് ആലുക്കാസ് തുടങ്ങിയവ കേരളക്കരയുടെ സ്വന്തം രാജ്യാന്തര ബ്രാന്‍ഡുകളാണ്. അതിനൊപ്പം അറിയപ്പെടുന്നതും അല്ലാത്തതുമായ നൂറുകണക്കിന് ചെറുകിട ബ്രാന്‍ഡുകളും കേരളത്തില്‍ സജീവമാണ്. അവര്ക്കുവേണ്ടതാകട്ടെ ഒരു കൈത്താങ്ങും. ഈ ക്യാമ്പയിന് അതിലേക്കൊരു കാല്‍വയ്പ് മാത്രം.






