
പൗരത്വനിയമത്തില്‍ മാറ്റം; നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് പൗരത്വം ഏഴു വര്‍ഷം കഴിഞ്ഞ് മാത്രം
കാഠ്മണ്ഡു: നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ പൗരത്വം ലഭിക്കാന്‍ കുറഞ്ഞത് ഏഴു വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന പുതിയ ഭേദഗതിയുമായി നേപ്പാള്‍. ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തിലാണ് നേപ്പാള്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. വാര്‍ത്ത സ്ഥിരീകരിച്ച നേപ്പാള്‍ ആഭ്യന്തര മന്ത്രി രാം ബഹദൂര്‍ ഥാപ്പ , ഇന്ത്യന്‍ പൗരനെ വിവാഹം കഴിക്കുന്ന വിദേശികള്‍ക്ക് ഏഴ് വര്‍ഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമം ഉദ്ധരിച്ചുകൊണ്ടാണ് പുതിയ ഭേദഗതിയെ ന്യായീകരിച്ചത്.
എന്നാല്‍, ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഈ ഉപാധി നേപ്പാള്‍ പൗരന്മാര്ക്ക് ബാധകമല്ലെന്ന കാര്യം പ്രസ്താവനയില്‍ നേപ്പാള്‍ ആഭ്യന്തരമന്ത്രി പരാമര്‍ശിച്ചിട്ടില്ല. അതിര്‍ത്തി വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമല്ല ഇപ്പോഴുള്ളത്. ഇതിന് പിന്നാലെയാണ് പൗരത്വ നിയമത്തില്‍ നേപ്പാള്‍ ഭേദഗതി വരുത്തിയത്.
പുതിയ രാഷ്ട്രീയ ഭൂപടത്തില്‍ ഇന്ത്യയുടെ ചില മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയിരുന്നു. ഇത് ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് നേരത്തെ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്.






