മലയാള സിനിമയിലടക്കം ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ജീവന് പകര്‍ന്ന നടിയാണ് ഉഷാ റാണി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് താരം ലോകത്തോട് വിടപറഞ്ഞത്. 66 വയസായിരുന്നു. ആരെയും സഹായിക്കാനുള്ള മനസ്സുള്ള വ്യക്തിയെന്നാണ് ഉഷാ റാണിയെക്കുറിച്ച് സഹതാരങ്ങള്‍ക്കുള്ള അഭിപ്രായം.
ബാലതാരമായി സിനിമയില്‍ എത്തിയ നടി വിവാഹശേഷം അല്പകാലം സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തി. അന്തരിച്ച സംവിധായകന് എന്‍. ശങ്കരന്‍നായരുടെ ഭാര്യയാണ്
ഉഷാ റാണിക്ക് അന്ത്യയാത്രയില്‍ സഹായവുമായെത്തിയത് മലയാള സിനിമയുടെ പ്രിയ താരങ്ങളും ഒപ്പം അഭിനയിച്ചിട്ടുള്ള ഉലകനായകന് കമല്‍ ഹാസനും. അതേപ്പറ്റി നിര്‍മ്മാതാവും മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ഡ്രോളറുമായ ഷിബു ജി. സുശീലന് എഴുതുന്നു.
'ബാലതാരമായാണ് ഉഷാറാണിചേച്ചി സിനിമാരംഗത്തെത്തിയത്. വര്‍ക്കലയിലായിരുന്നു ജനനം. മുപ്പതോളം സിനിമകളില്‍ ബാലതാരമായി തുടക്കം കുറിച്ച ഉഷാറാണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി വളരെയധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ദിലീപ് നായകനായ മാനത്തെകൊട്ടാരം (1995) ലൊക്കേഷന്‍ വച്ചാണ് ഉഷാറാണി ചേച്ചിയെ ഞാന്‍ പരിചയപ്പെടുന്നത്. രണ്ടു മൂന്നു സിനിമയില്‍ ഞാന്‍ ചേച്ചിയോടൊപ്പം വര്‍ക്ക് ചെയ്തു. എല്ലാവരെയും സഹായിക്കാന്‍ ഉള്ള മനസ്സിന്റെ ഉടമ ആയിരുന്നു ചേച്ചി. ഇടക്ക് വിളിക്കും, സുഖവിവരങ്ങള്‍ ചോദിക്കും. അവസാനം വിളിച്ചത് ഏപ്രില്‍ ആദ്യ ആഴ്ച ആയിരുന്നു.
നാന സിനിമ വരിക ഫോട്ടോ ഗ്രാഫര്‍ ഹരി നീണ്ടകര ചേട്ടന്റെ ഒരു ഓപ്പറേഷന് (എറണാകുളം കൃഷ്ണ ഹോസ്പിറ്റലില്‍ ) സംബന്ധിച്ച് ചില കാര്യങ്ങള്‍ ചെയ്തു കൊടുത്തു. തുടര്‍ന്ന് ഞാന്‍ ഫോട്ടോഗ്രാഫര്‍ ഗോപാലകൃഷ്ണന് ചേട്ടനുമായി സംസാരിച്ചു. ചേട്ടന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ സാറുമായി സംസാരിക്കുകയും ലോക്ക്ഡൗണ്‍ മാറിയ ഉടനെ 25,000 രൂപ സഹായം നല്‍കാമെന്നും പറഞ്ഞു.
ഉഷ ചേച്ചിയുടെ മരണ വിവരം അറിഞ്ഞിട്ട് രാവിലെ ഞാന്‍ ഫോട്ടോഗ്രാഫര്‍ ഗോപാലകൃഷ്ണന് ചേട്ടനെ വിളിച്ചു. അപ്പോഴാണ് അടുത്ത ദുഃഖ വിവരവും അറിയുന്നത് ബോഡി ആശുപത്രിയില്‍ നിന്ന് വിട്ട് കിട്ടാന്‍ കുറച്ചു അധികം രൂപ അടക്കാന്‍ ഉണ്ട്. ഈ വിവരങ്ങള്‍ ഞാന്‍ അമ്മ സംഘടനയുടെ ഭാരവാഹിയായ സിദ്ധിഖ് ഇക്കയെ അറിയിച്ചു. ഗോപാലകൃഷ്ണന് ചേട്ടന് ഇടവേളബാബു ചേട്ടനുമായി സംസാരിച്ചു.
മോഹന്‍ലാല്‍, സിദ്ധിഖ് ഇക്ക, ഇടവേള ബാബു, മണിയന് പിള്ള രാജു, ജയറാം എല്ലാവരും ഇടപെട്ട് കമലഹാസന്സാര് ഹോസ്പിറ്റലില്‍ ബന്ധപ്പെട്ട് ബോഡി വിട്ട് കൊടുക്കാനുള്ള കാര്യങ്ങള്‍ ഭംഗിയായി ചെയ്തു. ഫെഫ്ക, ചലച്ചിത്രഅക്കാദമി, ചെന്നൈ നടികര്‍ സംഘം, ബഹുമാനപ്പെട്ട കേരളസാംസ്കാരിക മന്ത്രി ബാലന് എല്ലാവരും സഹായിക്കാന്‍ തയ്യാറായി എന്നത് ആ കുടുംബത്തിന് വലിയ അനുഗ്രഹം ആയി.
എല്ലാവര്ക്കും സഹായം എത്തിക്കാന്‍ മനസ് കാണിച്ച ചേച്ചിക്ക് അവസാനസഹായം എത്തി. ഇക്കാര്യങ്ങള്‍ ഞാന്‍ അറിയിക്കാന്‍ ചെന്നൈയില്‍ ഡബ്ബിങ് ആര്ടിസ്റ് ശ്രീജ ചേച്ചിയെ വിളിച്ചു പറയാന്‍ ശ്രമിച്ചു. ശ്രീജ ചേച്ചി തിരിച്ചു വിളിച്ചു അപ്പോള്‍ ആണ് ചെന്നൈ ഉള്ളവര്‍ പോലും ഇക്കാര്യങ്ങള്‍ അറിഞ്ഞത്. ചെന്നൈ ലോക്ക്ഡൗണ്‍ ആയതു കൊണ്ട് ഒരു പൂവ് പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥ ആണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അസുഖം വന്നു ചേച്ചി മരിച്ചു എന്നു വരെ ഉറപ്പിച്ചിരുന്നു. അന്ന് നാട്ടില്‍ നിന്ന് വരെ ബന്ധുക്കള്‍ ചെന്നൈ എത്തിയിരുന്നു. അവിടെ നിന്ന് രക്ഷപെട്ടു ഇത്രയും കാലം ഓടി നടന്നു. മറ്റുള്ളവരുടെ ജീവിത ബുദ്ധിമുട്ടുകളെ വളരെ ശ്രദ്ധിച്ച ഉഷറാണി ചേച്ചിയും ഈ ജൂണില്‍ തന്നെ യാത്ര ആയി. ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.'






