
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ നടന്ന രക്തരൂക്ഷിത പോരാട്ടത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ ശരീരത്ത് ആഴത്തിലുള്ള മുറിവുകളും ഒടിവുകളുമെന്ന് റിപ്പോര്‍ട്ട്. ഗല്‍വാന്‍ താഴ്വാരത്ത് ജൂണ്‍ 15 - 16 തീയതികളില്‍ നടന്ന പോരാട്ടത്തില്‍ കൂര്‍ത്തതും മൂര്‍ച്ചയേറിയതുമായ ആയുധങ്ങള്‍ കൊണ്ടുള്ള മുറിവുകളാണ് ഏറ്റിരുന്നത്. ശരീരത്ത് അനേകം ഒടിവുകളും ചതവുകളും ഉണ്ടായിരുന്നതായിട്ടാണ് വിവരം.
വീരോചിതമായി പോരാടിയ ഇന്ത്യന്‍ സൈനികര്‍ ശക്തയമായി തന്നെ തിരിച്ചടിച്ച് ചൈനീസ് സൈന്യത്തിലും വലിയ നാശനഷ്ടം ഉണ്ടാക്കി. ചെരിവുള്ളതും കുന്നും കുഴിയുമായതുമായ ഭൂപ്രദേശത്ത് മണിക്കൂറുകളാണ് കയ്യാങ്കളി നീണ്ടു നിന്നത്. തണുത്തുറഞ്ഞ നദിയിലേക്ക് വീണും വലിച്ചെറിഞ്ഞും തണുത്തുവിറച്ചും മുങ്ങിയും ഇന്ത്യന്‍ സൈനികര്‍ മരണമടഞ്ഞു. കൂര്‍ത്ത് മൂര്‍ച്ചയേറിയ ആയുധം കൊണ്ടു കുത്തിയതിന്റെ അനേകം മുറിവുകള്‍ സൈനികരുടെ ശരീരത്ത് ഉണ്ടായിരുന്നു. അനേകം അവയവങ്ങളാണ് ഒടിഞ്ഞതെന്ന് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ലെ യിലെ സോനാം നുര്‍ബൂ മെമ്മോറിയല്‍ ഹോസ്പിറ്റിലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
കേണല്‍ സന്തോഷ്ബാബു ആക്രമിക്കപ്പെട്ടതിന് പിന്നാലെ കയ്യില്‍ കിട്ടിയതെല്ലാമായി ഇന്ത്യന്‍ സംഘം ചൈനസീസ് സൈനികരുടെ അരികിലേക്ക് ചെല്ലുകയായിരുന്നു. കേണലും മറ്റു രണ്ടുപേരും ആക്രമിക്കപ്പെട്ടതോടെ ഇന്ത്യന്‍ സൈനികള്‍ ശക്തമായ ആക്രമണം നടത്തി. കത്തികളെല്ലാം പിടിച്ചുവാങ്ങുകയും ചൈനീസ് സേനയുടെ തലയ്ക്ക് പിന്നില്‍ അടിക്കുകയുമായിരുന്നെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ പറഞ്ഞതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ലെയിലെ ആശുപത്രിയില്‍ 18 സൈനികരെയാണ് പ്രവേശിപ്പിച്ചത്. മറ്റുള്ള 40 പേരെ കൂടി മിലിട്ടറി ഹോസ്പിറ്റിലില് പ്രവേശിപ്പിച്ചിട്ടുണ്ട്.
ലെയില്‍ നിന്നും 230 കിലോമീറ്റര്‍ അകലെയാണ് ഗാല്‍വാന്‍ താഴ്വാരം. അടി പൊട്ടിയതിന് തൊട്ടുപിന്നാലെ സൈനികരുടെ വലിയ നിരയാണ് ലഡാക്കിലേക്ക് എത്തിയത് ഞായറാഴ്ച ലെ ഏറെക്കുറെ പൂര്‍ണ്ണമായും അടച്ച നിലയിലായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടം ഇവിടെ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കേറിയ ചന്ത ഇന്നലെ വിജനമായിരുന്നു. റോഡില്‍ ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നു. പോലീസിന്റെയും സൈനികരുടെയും എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.
മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരേയൂം ഈ പ്രദേശത്തേക്ക് കയറാന്‍ അനുവദിച്ചില്ല. ആര്‍മി, പോലീസ്, സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവരുടെ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടത്. ഗാല്‍വാന്‍ താഴ്വാരത്തിലൂടെ സൈനികരുടെ അനേകം വാഹനങ്ങളാണ് ഗതാഗതം നടത്തിയത്. സാധാരണ വാഹനങ്ങള്‍ക്ക് ലേയിലേക്കുള്ള ഒരേയൊരു പാതയായ ശ്രീനഗര്‍ - ലെ ദേശീയ പാതയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. കുഷോക് ബകുള റിംപോച്ചി വിമാനത്താവത്തില്‍ വന്ന യാത്രക്കാരെയെല്ലാം തെര്‍മ്മല്‍ സ്ക്രീനിംഗിന് വിധേയമാക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു.
2019 ല്‍ ഈ സമയത്ത് 1.33 ലക്ഷം വിനോദ സഞ്ചാരികള്‍ സന്ദര്‍ശിച്ച ലഡാക്കില്‍ ഈ വര്‍ഷം ഇതുവരെ വന്നത് 6,055 പേരാണ്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന മേഖലയില്‍ ബിസിനസുകള്‍ തകര്‍ന്ന നിലയിലാണ്. ഇന്ത്യാ ചൈനാ പോരാട്ടവും കോവിഡും മൂലം ഈ വര്‍ഷം 400 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 2020 തങ്ങളുടെ ജീവിതം നരകമാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. 400 ലധികം ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളുമുള്ള ലെയില്‍ മെയ് മുതല്‍ സെപ്തംബര്‍ വരെ ബിസിനസ് സീസണ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കും.
ലഡാക്കിലെ 70 ശതമാനത്തോളം വരുന്ന ജനതയാണ് ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്നത്. ജോലിക്കാര്‍, ഹോട്ടല്‍ ഓണര്‍മാര്‍, ഗസ്റ്റ് ഹൗസുകള്‍, ടാക്സി ഓപ്പറേറ്റര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, ട്രാവല്‍ ഏജന്റുമാര്‍, ട്രക്കര്‍മാര്‍ എന്നിങ്ങനെ പോകുന്നു വിനോസഞ്ചാരവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍. കൊറോണ വന്നതോടെ മിക്കവരും തിരിച്ചു നാട്ടിലേക്ക് പോയിരുന്നു. എന്നാല്‍ അവര്‍ മടങ്ങി വരാന്‍ തുടങ്ങിയപ്പോഴായിരുന്നു അതിര്‍ത്തിയില്‍ സംഘര്‍ഷം തുടങ്ങിയത്.






