
എപ്പോഴുമെന്ന പോലെ സുധാകരന്റെ ഓര്‍മകളെ തിരികെ വിളിക്കുകയാണ് ഷില്‍ന. ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ ആര്‍ജവമുള്ള തീരുമാനം മാഷ്ടെ കുട്ടികളെ പ്രസവിക്കണം എന്നുള്ളതായിരുന്നു എന്ന് ഷില്‍ന കുറിക്കുന്നു. ഫാദേഴ്സ് ഡേയില്‍ സുധാകരന് മാഷിനെക്കുറിച്ചുള്ള ഹൃദ്യമായ ഓര്മ ഷില്‍ന പങ്കുവച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...
മാഷ് പോയതിനുശേഷം ചിന്തിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള ആര്‍ജ്ജവം കൈവന്ന ശേഷം ഞാനെടുത്ത ഏറ്റവും ആദ്യത്തെ തീരുമാനം മാഷ്ടെ കുട്ടികളെ പ്രസവിക്കണം എന്നുള്ളതായിരുന്നു.എന്റെ ജീവിതത്തില്‍ ഇന്നോളമുള്ളതില്‍ ഏറ്റവും ഉചിതവും ശരിയുമായിരുന്നു അതെന്നു ഇന്നും ഞാന്‍ ഉറച്ചുറച്ചു വിശ്വസിക്കുന്നു..
ചികിത്സ തുടരാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ ഏറ്റവും എടുത്തവര്‍ എന്നോട് ചോദിച്ച ഒരേ ഒരു ചോദ്യം ,അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ അറിഞ്ഞുകൊണ്ട് തീരുമാനിക്കുന്നത് അവരോടു ജീവിതകാലം മുഴുവന്‍ ചെയ്യുന്ന പാപമല്ലേ എന്നാണ്.. ആഴത്തില്‍ ചിന്തിക്കുമ്പോള്‍ പ്രിയപ്പെട്ടവര്‍ അങ്ങനെ ചോദിച്ചതില്‍ തെല്ലും അതിശയപ്പെടാനില്ല..
പക്ഷെ മാഷെ വീണ്ടും ഭൂമിയിലേക്ക് കൊണ്ടുവരാന്‍ അതല്ലാതെ മറ്റു മാര്‍ഗങ്ങള്‍ എന്റെ മുന്നിലില്ലായിരുന്നു.. കുഞ്ഞുങ്ങളെ കിട്ടുമോ എന്നുള്ളത് പോലും അത്രയേറെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. അതിനായി ഞാന്‍ തുഴഞ്ഞ സങ്കടക്കടലുകള്‍ വിവരിക്കുക തന്നെ അസാധ്യമാണ്.. സിസേറിയനുവേണ്ടി തീയേറ്ററില്‍ കയറ്റും മുന്‍പ് മാഷ് അവിടുണ്ടെന്നു ഞാന്‍ മനസുകൊണ്ട് സങ്കല്പ്പിച്ചു ,കുഞ്ഞുങ്ങളെ ആദ്യമായി വാരിയെടുക്കുമ്പോള്‍ മാഷ്ടെ മുഖത്തു വിരിയുന്ന സന്തോഷവും ഞാന്‍ മനക്കണ്ണില്‍ കണ്ടു.
അച്ഛന് എന്നൊരു ബിംബം ഇല്ലാത്തൊരു ലോകത്തേക്കാണ് എന്റെ കുട്ടികള്‍ ജനിച്ചു വീണത്. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ സന്തോഷിക്കാനോ ,വാവിട്ടു കരയുമ്പോള്‍ ഒന്ന് കൈ മാറി എടുക്കാനോ അങ്ങനെ ഒരാളേ അവരുടെ ജീവിതത്തിലില്ല.
ഇന്നിപ്പോള്‍ എന്റെ പ്രവൃത്തികള്‍ കണ്ടു അവര്‍ വളരുന്നു..ഞാന്‍ എന്റെ അച്ഛനെ ,അച്ഛാ എന്ന് വിളിക്കുന്നത് കേട്ട് അവരും അത് തന്നെ, ആവര്‍ത്തിക്കുന്നു.. ആ അച്ഛാ വിളി കേള്‍ക്കുമ്പോള്‍ തന്നെ ഹൃദയം പലതായി നുറുങ്ങി പോവുന്നു. അത് തിരുത്താന്‍ പോലും ഞാന്‍ അശക്തയാണ്.
ഇല്ലാത്തവര്‍ക്ക് ,അച്ഛാ എന്നുള്ള വിളി തന്നെ അത്രയേറെ ഭാരവും സാന്ദ്രതയും ഉള്ളതാണ്. അച്ഛന് എന്ന വാക്കിന്റെ ആഴം അളക്കുക അവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. അച്ഛന് എന്നത് വിങ്ങല്‍ തന്നെയാണ്..അച്ഛനും അമ്മയുമായി ഒരേസമയം ജീവിക്കേണ്ടി വരുന്നവരെ ഒരിക്കലെങ്കിലും ഓര്‍ക്കുക. അവര്‍ അത് അര്‍ഹിക്കുന്നുണ്ട്.






