
മെക്സിക്കോ സിറ്റി: ദക്ഷിണ മെക്സിക്കോയിലെ ഓക്സാകയിലെ ഹൗതുല്കോയിലുണ്ടായ ഭൂകമ്പത്തില്‍ അഞ്ചു പേര് മരിച്ചു. പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെ 10.29 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ തീവ്രതയേറിയ ഭൂചലനത്തെ തുടര്‍ന്ന് മെക്സിക്കോ നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് വരെ കുലുക്കം അനുഭവപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി.
ഹൗതുല്കോയില് കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചതായി പ്രസിഡന്റ് ആന്‍ഡ്രൂസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ അറിയിച്ചു. തീവ്രതയേറിയ ഭൂചലനമാണെങ്കിലും കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ല. ജനാലകളുടെ ചില്ലുകള്‍ തകരുകയും ഭിത്തികള്‍ക്ക് വിള്ളലുകള്‍ ഉണ്ടാവുകയും മാത്രമാണ് ചെയ്തിരിക്കുന്നത്. ചെറുതും വലുതുമായി 140 ഓളം തുടര്‍ ഭൂചലനങ്ങളും അനുഭവപ്പെട്ടതായി പ്രസിഡന്റ് വ്യക്തമാക്കി.
സര്‍ക്കാര്‍ എണ്ണ കമ്പനിയിലെ ജീവനക്കാരന് അടക്കം രണ്ടു പേര് കൂടി ഓക്സാകയില്‍ മരിച്ചതായി ഫെഡറല്‍ ഡിഫന്‍സ് വ്യക്തമാക്കി. പസഫിക് തീരനഗരമായ സാലിന ക്രൂസിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു. പള്ളികള്‍ക്കും ഹൈവേകള്‍ക്കും, പാലങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്.
കൊവിഡ് ഏറ്റവും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മെക്സിക്കോയില്‍ ഭൂചലനവും ഭീതി പരത്തിയത്. പല ആശുപത്രികളുംകൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആശുപത്രികള്‍ കുലുങ്ങിയതോടെ രോഗികളും ആരോഗ്യപ്രവര്‍ത്തകരും ആശങ്കയിലായി. ഐസോലേഷന് വാര്‍ഡുകളില്‍ കഴിഞ്ഞിരുന്നവരെ ഒഴിപ്പിക്കാന്‍ കഴിയാത്തതും ആശങ്ക വര്‍ധിപ്പിച്ചു.
1985നു ശേഷം ഇതാദ്യമായാണ് 7ന മുകളില്‍ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. 1985ലുണ്ടായ 8.0 തീവ്രതയുള്ള ഭൂകമ്പത്തില്‍ 10,000ഓളം പേര് മരണപ്പെട്ടിരുന്നു.






