
കണ്ണൂര്‍: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നെഞ്ചുപൊട്ടി കരയുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ എല്ലാവരും കണ്ടിരുന്നു, സ്വന്തം അമ്മയുടെ ചികിത്സയ്ക്കായി സഹായം യാചിക്കുന്ന ഒരു പെണ്‍കുട്ടിയെ. അച്ഛനോ സഹോദരന്മാരോ ഇല്ലാത്ത, കയറിക്കിടക്കാന്‍ ഒരു വീടുപോലുമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥയാണ് ആ വീഡിയോ നമുക്കു മുന്നില്‍ തുറന്നു കാട്ടിയത്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കാക്കത്തോട് വാടകവീട്ടില്‍ താമസിക്കുന്ന അമ്മ രാധയും മകള്‍ വര്‍ഷയും .. അമ്മ ഐസ്ക്രീം പാര്‍ലറില്‍ ജോലിയെടുത്തുള്ള തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ വരുമാനം. മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം അമൃതയില്‍ ചികിത്സയ്ക്കുപോയി. അപ്പോഴാണ് കരള്‍ പൂര്‍ണമായും നശിച്ചുവെന്നും മാറ്റിവെച്ചാലേ ജീവന് തിരിച്ചുകിട്ടൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, ചികിത്സാ ചിലവ് 18 ലക്ഷം രൂപയും.
ചാരിറ്റി പ്രവര്‍ത്തകനായ തൃശ്ശൂര്‍ സ്വദേശി സാജന് കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലുമാണ് ആ മകളുടെ നിസ്സഹായാവസ്ഥ ലോകത്തെ അറിയിച്ചത്. മനുഷ്യത്വം മരിച്ചിട്ടില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പിന്നീട് കണ്ടത്. ഒടുവില്‍, വെറും 14 മണിക്കൂര്‍കൊണ്ട് വര്‍ഷയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് എത്തിയത് 50 ലക്ഷം രൂപ.
പണം വീണ്ടും വന്നുകൊണ്ടേയിരുന്നു. ഒടുവില്‍, സാജന് സാമൂഹികമാധ്യമത്തില്‍ വന്നു ഇനി പണം അയക്കേണ്ട എന്ന് പറഞ്ഞു. ചികിത്സയ്ക്ക് ആവശ്യമായ പണമായി. ബാങ്കുകാരെയും അത് അറിയിച്ചു. അപ്പോഴേക്കും ഒരു മണിക്കൂര്‍കൊണ്ട് വീണ്ടും പത്തുലക്ഷം കൂടിയെത്തി. അല്പം കഴിഞ്ഞപ്പോഴേക്കും 89 ലക്ഷമായി. ബാങ്കുകാര് പിന്നീട് അക്കൗണ്ട് ക്ലോസ് ചെയ്തു.
പതിനൊന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വ്യാഴാഴ്ച 11 മണിക്ക് തുടങ്ങി. ശസ്ത്രക്രിയയ്ക്കുമുമ്പ് വര്‍ഷ സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചു.






