
ന്യൂഡല്‍ഹി : ഗാല്‍വന്‍ താഴ്വരയില് ഈ മാസം 15-നു നടന്ന സംഘര്‍ഷത്തിനിടയില്‍ ചൈനീസ് സേനയുടെ പിടിയിലായ 10 ഇന്ത്യന്‍ പട്ടാളക്കാരെ വിട്ടുകിട്ടിയത് മൂന്നു ദിവസത്തിനു ശേഷം. ഈമാസം 16 മുതല്‍ 18 വരെ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ചൈന വഴങ്ങിയത്.
ഇന്ത്യ 16-നു രാവിലെത്തന്നെ ഒരു ഡസനോളം ചൈനീസ് സൈനികരെ കൈമാറിയെങ്കിലും 24 മണിക്കൂറിനു ശേഷമാണ് 50 സൈനികരെ ചൈന ഇന്ത്യക്ക് വിട്ടുതന്നത്.
സംഘര്‍ഷം തുടരുന്ന പാംഗോങ് മേഖലയില്‍ 8 കിലോമീറ്റര്‍ അതിക്രമിച്ചു കയറിയ ചൈന, നാലാം മലനിരയില്‍ ടെന്റുകളടക്കം സ്ഥാപിച്ചിട്ടുണ്ട്. ഗല്‍വാന്‍, ഹോട് സ്പ്രിങ്സ്, ഡെപ്സാങ് എന്നിവിടങ്ങളിലെ തര്‍ക്കം പരിഹരിച്ചശേഷം പാംഗോങ്ങിലെ കാര്യം പരിഗണിക്കാമെന്ന നിലപാടിലാണു ചൈന. സംഘര്‍ഷം ഏറ്റവും മൂര്‍ധന്യാവസ്ഥയിലുള്ളത് പാംഗോങ്ങിലാണ്.
നാല് ഓഫീസര്‍മാരുള്‍പ്പെടെ 10 സൈനികരെ കൈമാറാന്‍ പിന്നെയും മൂന്നു ദിവസമെടുത്തു. സംഘര്‍ഷത്തില്‍ ഇന്ത്യക്ക് കേണലടക്കം 20 സൈനികരെയാണു നഷ്ടമായത്. ഇതില്‍ക്കൂടുതല്‍ പേര് ചൈനയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു. 15-ന് രാത്രി സംഘര്‍ഷം അവസാനിച്ച ശേഷം ഇന്ത്യയും ചൈനയും പരസ്പരം തങ്ങളുടേതെന്നവകാശപ്പെടുന്ന മേഖലകളില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകരെ കണ്ടെത്താന്‍ പരതിനടന്നതായി സൈനികവൃത്തങ്ങള്‍ പറയുന്നു. പിറ്റേന്നു രാവിലെ തങ്ങള്‍ക്കുകിട്ടിയ ചൈനീസ് സൈനികരെ ഇന്ത്യ കൈമാറി.






