
ലണ്ടന്‍: ഒടുവില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ചെമ്പട ലിവര്‍പൂള്‍ കിരീടം ഉയര്‍ത്തി. ബുധനാഴ്ച ക്രിസ്റ്റല്‍ പാലസിനെ 4-0 ന് തോല്‍പ്പിച്ച ലിവര്‍പൂള്‍ പക്ഷേ ഇന്നലെ മാഞ്ചസ്റ്റര്‍സിറ്റി ചെല്‍സിയോട് തോറ്റതോടെ വളരെ നേരത്തേ തന്നെ കിരീടം ഉയര്‍ത്തുകയായിരുന്നു. ഇതോടെ ആന്‍ഫീല്‍ഡില്‍ ഞായറാഴ്ച ആസ്റ്റണവില്ലയ്ക്കെതിരേ നടക്കാനിരിക്കുന്ന മത്സരവും അടുത്ത വ്യാഴാഴ്ച സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരവും മറ്റ് രണ്ട് ഹോം മാച്ചുമെല്ലാം അപ്രസക്തമാകുകയും ചെയ്തു.
23 പോയിന്റുകളുടെ വ്യത്യാസത്തിലാണ് ലിവര്‍പൂള്‍ കിരീടം ചൂടിയത്. ഏഴു മത്സരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കെയാണ് ലിവര്‍പൂള്‍ കിരീടം ചൂടിയത്. 1989-90 സീസണാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടിയത്. ഇതോടെ പ്രീമിയര്‍ലീഗില്‍ അവരുടെ കിരീടനേട്ടം 19 ആയി. സിറ്റി - ചെല്‍സി പോരാട്ടത്തിന് ഇറങ്ങും മുമ്പ് കിരീടം ചൂടാന്‍ ലിവര്‍പൂളിന് ഒരു കളി കൂടി ജയിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ സിറ്റി തോറ്റതോടെ കിരീടം നേരത്തേയെത്തി. ചെല്‍സി - സിറ്റി മത്സരശേഷം ആഘോഷത്തില്‍ പങ്കുചേരാന്‍ ഗോളി അലിസണ്, പ്രതിരോധക്കാരന് വിര്‍ജില്‍ വാന്‍ജിക്ക്, മദ്ധ്യനിരക്കാരന്‍ അലക്സ് ഓക്സ്ലേഡ് ചേംബര്ലിന് എന്നിവര്‍ ഉണ്ടായിരുന്നു.
ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ലിവര്‍പൂള്‍ പുറത്തെടുത്തത്. ഈ സീസണില്‍ ഇതുവരെ കളിച്ച 31 കളിയില്‍ ഒരു തോല്‍വിയാണ് ലിവര്‍പൂള്‍ അറിഞ്ഞത്. രണ്ടു സമനിലയും. 28 മത്സരങ്ങളില്‍ ജയം നേടി, 90 ശതമാനം വിജയം നേടിയ അവര്‍ 86 പോയിന്റുകള്‍ നേടി. 70 ഗോളുകള്‍ അടിച്ചപ്പോള്‍ 21 എണ്ണം വഴങ്ങി. ഒരു സീസണില്‍ ഏറ്റവും കുടുതല്‍ വിജയത്തിന്റെ റെക്കോഡായ 32 മറികടക്കാനുള്ള അവസരമാണ് ഇനി മുന്നിലുള്ളത്. 18 കളികള്‍ ആന്‍ഫീല്‍ഡില്‍ ജയിച്ച് ഏറ്റവും കൂടുതല്‍ ഹോം മാച്ച് വിജയം, 16 കളികള്‍ ജയിച്ച് എതിരാളികളുടെ തട്ടകത്തില്‍ ഏറ്റവും കൂടുതല്‍ വിജയം എന്ന റെക്കോഡും നേടിയ ലിവര്‍പൂള്‍ സീസണിലെ ഏറ്റവും വലിയ പോയിന്റ് മാര്‍ജ്ജിനും ഉണ്ടാക്കി.
രണ്ടാം സ്ഥാനക്കാരായ സിറ്റിയുമായി 19 പോയിന്റ് അകലം. എന്നിരുന്നാലും ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് എന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ 100 പോയിന്റ് നേട്ടം ലിവര്‍പൂളിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇനിയുള്ള ഏഴു കളികളില്‍ അഞ്ചെണ്ണം ജയിക്കാനായാല്‍ അതും മറികടക്കും. പരിശീലകന് ജര്മ്മന്കാരന് യുര്‍ഗന്‍ ക്ളോപ്പിനും ഇത് നേട്ടമാണ്. 2015 ല്‍ ടീം ലീഗില്‍ പത്താം സ്ഥാനത്ത് കിടക്കുമ്പോഴാണ് റോഡ്ജേഴ്സിനെ മാറ്റി ക്ളോപ്പ് ചുമതലയേല്‍ക്കുന്നത്. ബോറൂഷ്യയെ രണ്ടു തവണ ബുണ്ടാസ് ലീഗ കിരീടത്തിലേക്ക് നയിക്കുകയും 2013 ല്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്കും നയിച്ച ശേഷമാണ് ലിവര്‍പൂളില്‍ എത്തുന്നത്.
ലിവര്‍പൂളിനെ മറ്റൊരു ഫുട്ബോള്‍ രീതിയിലേക്ക് നയിച്ച ക്ളോപ്പ് ആദ്യം ചെയ്തത് തനിക്ക് വേണ്ട ഒരു മികച്ച മുന്നേറ്റ നിരയെ സൃഷ്ടിക്കുകയായിരുന്നു. നേരത്തേ തന്നെ ടീമിനൊപ്പം ഉണ്ടായിരുന്ന ബ്രസീലിയന്‍ ഫിര്‍മിനോയ്ക്ക് ഒപ്പം ഈജിപ്ഷ്യന്‍ ഗോളടി വീരന് മുഹമ്മദ് സലായേയും സെനഗളീസ് പൗരനായ സാദിയോ മാനേയെയും കൊണ്ടുവന്നത് ലിവര്‍പൂളിനെ യൂറോപ്പിലെ ഏറ്റവും മുന്നേറ്റ നിരയാക്കി മാറ്റി. മൂവരും ചേര്‍ച്ച് ക്ളോപ്പിന് കീഴില്‍ നേടിയത് 211 ഗോളുകള്‍. സലാ - 92, മാനേ - 65, ഫിര്‍മിനോ - 54 എന്നിങ്ങനെയായിരുന്നു സ്കോറിംഗ്.
ചെല്‍സിയുടെ മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ 2-1 നായിരുന്നു സിറ്റിയുടെ തോല്‍വി. ക്രിസ്ത്യന്‍ പുലിസിക്, വില്യം എന്നിവരായിരുന്നു ചെല്‍സിയുടെ സ്കോറര്‍മാര്‍. കളിയില്‍ പുലിസിക്കിലൂടെ ആദ്യം ലീഡ് എടുത്തത് ചെല്‍സിയാണ്. എന്നാല്‍ കെവിന് ഡെ ബ്രൂയന്റെ അത്ഭുത ഗോളിലൂടെ സിറ്റി സമനില നേടിയെങ്കിലും 77 ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ പിഴവ് വരുത്തി. ഹാന്‍ഡ്ബോള്‍ വരുത്തിയതിന് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. പിന്നാലെ കിട്ടിയ പെനാല്‍റ്റി വില്യം മുതലാക്കി ചെല്‍സിയെ വിജയത്തിലേക്ക് നയിച്ചു. ഫൈനല്‍ വിസില്‍ വീണതോടെ ലിവര്‍പൂള്‍ ചാമ്പ്യന്മാരുമായി.




