
ലൊസാഞ്ചലസ്: പരാഗ്വേയെ 4-1 നു തോല്‍പ്പിച്ച് യു.എസ്്്്.എ. ഫുട്ബോള്‍ ലോകകപ്പില്‍ തങ്ങളുടെ പോരാട്ടം തുടങ്ങി. ലൊസാഞ്ചലസ് സ്റ്റേഡിയത്തില്‍ നടന്ന ഡി ഗ്രൂപ്പ് മത്സരത്തില്‍ ഫൊലാറില് ബാലോഗണ് ഇരട്ട ഗോളുകളടിച്ചു.ജിയോവാനി റെയ്നയുടെ വകയായിരുന്നു ഒരു ഗോള്‍. പരാഗ്വേയുടെ ഡാമിയന്‍ ബോബാദിലയിലൂടെ ഈ ലോകകപ്പിലെ ആദ്യ സെല്‍ഫ് ഗോളും പിറന്നു. മൗറീസിയോയാണ് പരാഗ്വേയ്ക്കായി ഗോളടിച്ചത്. കളി തുടങ്ങി ഏഴാം മിനിറ്റില്‍ അമേരിക്ക മുന്നിലെത്തി. യു.എസ്. താരം വെസ്റ്റന്‍ മക്നീനീ മധ്യനിരയിലൂടെ നടത്തിയ കുതിപ്പിലാണു ഗോളിന് വഴിയൊരുങ്ങിയത്. പന്ത് ക്രിസ്റ്റ്യന്‍ പുലിസികിന്റെ കാലിലേക്ക്. പ്രതിരോധ നിരക്കാരെ വെട്ടിച്ച് ബോക്സിനുള്ളിലേക്ക് കയറിയ പുലിസിക് മക്നീനീയെ ലക്ഷ്യമാക്കി ക്രോസ് നല്കി.
ഈ ക്രോസ് തടയാന്‍ ശ്രമിച്ച ഡാമിയന്‍ ബൊബാദില്ലയുടെ കാലില്‍ തട്ടി പന്ത് സ്വന്തം പോസ്റ്റിലേക്ക്. ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിന് പന്ത് വലയില്‍ കയറുന്നതു നോക്കി നില്ക്കാനെ കഴിഞ്ഞുള്ളു. 31-ാം മിനിറ്റില്‍ യു.എസിന്റെ ലീഡ് ഇരട്ടിയായി. പുലിസിക് നല്കിയ പാസിനെ ഫൊലറാന്‍ ബാലോഗണ് വലയിലാക്കി. ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് മൂന്നാം ഗോള്‍ വീണത്. മാലിക് ടില്‍മാന്‍ നല്കിയ പാസിനെ ബാലോഗണ് കൃത്യമായി വലയിലാക്കി. ഇടംകാലന്‍ ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് കയറി. വൈകാതെ യു.എസ്. കോച്ച് മൗറീസിയോ പൊച്ചെറ്റിനോ പുലിസികിനെ പിന്‍വലിച്ച് സെബാസ്റ്റ്യന്‍ ബെര്‍ഹാള്‍ട്ടറെ ഇറക്കി. പരാഗ്വേ കോച്ച് അല്‍ഫാറോ ബോബാദിലയ്ക്കു പകരം മൗറീസിയോയെയും ഇറക്കി.
73-ാം മിനിറ്റിലാണ് മൗറീസിയോ കോച്ചിന്റെ വിശ്വാസം കാത്ത ഗോളടിച്ചത്. യുഎസ്എ. ബോക്സിലേക്ക് വന്ന ഒരു ലോങ് ബോളിനെ ജൂലിയോ എന്‍സിസോ മൗറീസിയോയ്ക്കു മറിച്ചു നല്കി. ഗോള്‍ കീപ്പര്‍ മാറ്റ് ഫ്രീസും പ്രതിരോധക്കാരും നോക്കി നില്‍ക്കേ പന്ത് വലയില്‍ കയറി. ഇഞ്ചുറി ടൈമിലാണ് അമേരിക്ക ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. 82-ാം മിനിറ്റില്‍ ടില്മാനു പകരക്കാരനായിറങ്ങിയാണു ജിയോവാനി റെയ്ന ഗോളടിച്ചത്. അലക്സ് ഫ്രീമാന്റെ അസിസ്റ്റിലായിരുന്നു റെയ്നയുടെ ഗോള്‍.






