
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ റോഡും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് വന്‍തോതില്‍ കൂലി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ചൈനയുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തോടെ ഹൈ റിസ്‌ക്ക് ഏരിയ ആയി മാറിയിട്ടുള്ള ലഡാക്ക് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മിനിമം കൂലി 100 മുതല്‍ 170 ശതമാനം വരെയാണ് കൂലി കൂട്ടുന്നത്.
ജൂണ്‍ 1 മുതലുള്ള കാലം കണക്കാക്കിയാകും പുതിയ ശമ്പളം. ഇക്കാര്യത്തില്‍ ദേശീയ ഹൈവേ അടിസ്ഥാന സൗകര്യ വികസന കോര്‍പ്പറേഷന്‍ (എന്‍എച്ച്‌ഐഡിസിഎല്‍) നിര്‍ദേശം പുറപ്പെടുവിച്ചു. ചൈന, പാകിസ്താന്‍, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ റിസ്‌ക്ക് കൂടുതല്‍ അനുസരിച്ച് ശമ്പളത്തിന്റെ ശതമാനവും വര്‍ദ്ധിക്കും. ലഡാക്കില്‍ പ്രവര്‍ത്തിക്കുന്ന ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ പോലെ സാങ്കേതിക വിദഗദ്ധ സ്റ്റാഫുകള്‍ അല്ലാത്ത പുറംപണി കരാറുകാരുടെ ശമ്പളം മാസം 16,770 ആയിരുന്നത് 41,440 ആയിട്ടാണ് ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ ഈ ജോലി ചെയ്യുന്നവര്‍ക്ക് 28,000 ആണ് ശമ്പളം.അതുപോലെ ലഡാക്കില്‍ ജോലി ചെയ്യുന്ന അക്കൗണ്ടന്റിന് 25,700 രൂപയില്‍ നിന്നും 47,360 രൂപയാക്കി ആണ് വര്‍ദ്ധിപ്പിച്ചത്.
ലഡാക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ എഞ്ചിനീയര്‍ക്ക് മാസ ശമ്പളം 30,000 രൂപയായിരുന്നത് 60,000 ആയിട്ടാണ് ഉയര്‍ത്തിയത്. മാനേജര്‍ പോസ്റ്റുകളില്‍ ഉള്ളവര്‍ക്ക് 50,000 ല്‍ നിന്നും 1,12,800 രൂപയിലേക്കും മാസശമ്പളമായി 55,000 വാങ്ങിയിരുന്ന സീനിയര്‍ മാനേജര്‍മാര്‍ക്ക് 1,23,600 രൂപയിലേക്കും ഉയര്‍ത്തി. ഇവയ്‌ക്കെല്ലാം പുറമേ അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ് പോളിസിയും ഉണ്ട്. ഇതിനെല്ലാം പുറമേ ട്രാവലിംഗ് അലവന്‍സ്, ഡീയര്‍നെസ്സ് അലവന്‍സ്, പിഎഫ് എന്നിവയും ഉണ്ട്.
മൂന്ന് വിഭാഗങ്ങളിലായിട്ടാണ് അപകട സാധ്യതയുള്ള ഇടങ്ങളില്‍ ആള്‍ക്കാര്‍ പണിയെടുക്കുന്നത്. ആദ്യത്തേത് ആസ്സാം, മേഘാലയ, ത്രിപുര, സിക്കിം, ഉത്തരാഖണ്ഡ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍. അരുണാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, മിസോറം, നാഗലാന്റ്, എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ രണ്ടാമത്തെ വിഭാഗത്തിലും ലഡാക്കില്‍ ജോലി ചെയ്യുന്നവര്‍ മൂന്നാമത്തെ വിഭാഗത്തിലും ഉള്‍പ്പെടും.






