
ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യന്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഉണ്ടായ ആള് നഷ്ടത്തെക്കുറിച്ച് ഇതുവരെ ഒരക്ഷരം പറഞ്ഞിട്ടില്ലെങ്കിലും സൈനികരുടെ കുടുംബങ്ങളെ സാന്ത്വനിപ്പിക്കാന്‍ ചൈനയുടെ ശ്രമം. ബീജിംഗ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഏറ്റുമുട്ടലില്‍ സൈനികര്‍ കൊല്ലപ്പെട്ടതായുള്ള സൂചനകള്‍ നല്‍കുന്നത് ഗ്ളോബല്‍ ടൈംസ് പത്രത്തിന്റെ റിപ്പോര്‍ട്ടുകളിലാണ്.
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വാരത്ത് നടന്ന സംഘട്ടനത്തില്‍ 40 ലധികം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാമെന്ന ഇന്ത്യയുടെ വാദം. എന്നാല്‍ ഔദ്യോഗികമായ ഒരു പ്രതികരണവും ചൈന ഇതുവരെ നടത്തിയിട്ടുമില്ല. എന്നാല്‍ സൈന്യത്തില്‍ ഏറ്റവും ഉയര്‍ന്ന ബഹുമതികളോടെയാണ് മരണമടഞ്ഞവരെ പരിഗണിച്ചതെന്നും വീരന്മാര് എന്നും ഓര്‍മ്മിക്കപ്പെടേണ്ടവര്‍ ആയതിനാല്‍ ആ രീതിയില്‍ അവര്‍ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും . ശരിയായ സമയം വരുമ്പോള്‍ എല്ലാ വിവരങ്ങളും പൊതുസമൂഹത്തെ അറിയിക്കുമെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ളോബല്‍ ടൈംസ് എഴുതി.
ലേഖനം എഴുതിയിരിക്കുന്നത് പത്രത്തിന്റെ എഡിറ്റര്‍ ഹു സിജിന്‍ ആണ്. സ്വന്തം സൈനികര്‍ക്ക് ഇന്ത്യ നല്‍കിയത് പോലെയുള്ള ആദരവ് തങ്ങളുടെ രക്തസാക്ഷികള്‍ക്ക് കിട്ടിയില്ലെന്ന് ആരോപിച്ച് ലഡാക്കില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് രണ്ടു ദിവസത്തിന് ശേഷമാണ് ഗ്ളോബല്‍ ടൈംസിന്റെ എഡിറ്റോറിയലും ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതിന്റെ തെളിവായി മാറുന്നത്.
സംഘര്‍ഷത്തില്‍ പിഎല്‍എ യുടെ 20 സൈനികരില്‍ താഴെ കൊല്ലപ്പെട്ടിരിക്കാം എന്ന് നേരത്തേ ഗ്ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ അക്ഷരം മിണ്ടിയിട്ടില്ല. മരണപ്പെട്ടവരുടെ കാര്യത്തില്‍ ഒരു വിവരവും ചൈനീസ് സൈന്യം പുറത്തുവിടുകയും ചെയ്തിട്ടില്ല. ഇരുരാജ്യങ്ങളും പൊതുജനാഭിപ്രായങ്ങളെ അലോസരപ്പെടുത്തരുതെന്ന രീതിയാകാം ഇതെന്നും ഹൂ കുറിച്ചിട്ടുണ്ട്. 40 ചൈനീസ് സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നും 16 ചൈനീസ് സൈനികരുടെ മൃതദേഹം ഇന്ത്യന്‍ സൈന്യം കൈമാറിയെന്നും മറ്റുമുള്ള ഇന്ത്യന്‍ മാധ്യമങ്ങളുടെ കരച്ചില് വെല്ലുവിളിക്കപ്പെട്ടിട്ടില്ലാത്ത കെട്ടുകഥകളാണെന്നും സി എഡിറ്റോറിയലില്‍ പറഞ്ഞിട്ടുണ്ട്.






