
കസ്തൂരി മാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം തമിഴിലേക്ക് റിമേക്ക് ചെയ്ത് നിർമിച്ച സംവിധായകൻ ലോഹിതദാസിന് അടിതെറ്റിയത് തമിഴകത്തെ മുക്കിയ പ്രളയത്തിലായിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ തമിഴക തിയറ്ററുകളിൽ മികച്ച ചിത്രമെന്ന് പേരെടുത്തെങ്കിലും ദിവസങ്ങൾക്കകം തന്നെ പ്രളയമെത്തിയതോടെ കസ്തൂരിമാൻ ഒലിച്ചുപോയി. പ്രളയത്തിൽ പൂട്ടിയ തിയറ്ററുകൾ ആഴ്ചകൾക്ക് ശേഷം തുറന്നപ്പോഴാകാട്ടെ വരിനിന്ന സിനിമകൾക്കായി മുൻഗണന. കസ്തൂരിമാൻ തഴയപ്പെട്ടതോടെ പണം മുടക്കിയ ലോഹിതദാസും കടക്കെണിയിലായി. പ്രിയപ്പെട്ടതായി ചേർത്ത് നിർത്തിയ ഇടമുൾപ്പെടെ സ്വത്തുവകകളെല്ലാം വിൽക്കേണ്ടി വന്ന ലോഹിതദാസിന് പിന്നെ ഉയിർത്തെഴുനേൽക്കാനുമായില്ല.
ലോഹിതദാസ് മരിച്ച് പതിനൊന്ന് വർഷം പിന്നിട്ടിരിക്കെ മലയാള സിനിമ സമാനമായൊരവസ്ഥയിലാണ്. അന്ന് ലോഹിതദാസിനെ ചതിച്ചത് പ്രളയമെങ്കിൽ ഇന്ന് കോവിഡായെന്ന് മാത്രം. ആഴ്ചകൾക്ക് കൊണ്ട് പ്രളയത്തെ അതിജീവിച്ച് തമിഴകത്ത് അന്ന് തിയറ്ററുകൾ തുറന്നെങ്കിൽ കോ വിഡ് കാലത്ത് തിയറ്ററുകൾ പൂട്ടിയിട്ട് മൂന്ന് മാസം പിന്നിട്ടു. ഇനിയെത്ര കാലമെന്ന് തീർപ്പില്ലാത്ത അനിശ്ചിതത്വം. തിയറ്ററുകൾക്ക് പകരം ഡിജിറ്റൽ റിലീസിനുള്ള സാധ്യതകൾ തേടി സിനിമാ ലോകത്തിന്റെ അന്വേഷണം പരസ്പര പോരിലേക്കും നയിച്ചു.
മാർച്ച് പാതി കഴിഞ്ഞെത്തിയ കപ്പേള എന്ന സിനിമ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവെയാണ് ദിവസങ്ങൾക്കകം തിയറ്റർ അടച്ചത്. കോവിഡ് വ്യാപനം തടയാൻ അടച്ചിട്ട തിയറ്ററുകൾ മൂന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ തുറന്നിട്ടില്ല. ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്ത 66 സിനിമകൾ ഷൂട്ടിംഗ് തുടങ്ങി വച്ചിടത്ത് നിൽപ്പാണ്. തിയറ്റർ എന്ന് തുറക്കുമെന്നറിയാത്ത സാഹചര്യത്തിൽ സിനിമകളുടെ ഷൂട്ടിംഗ് പുനരാരംഭിക്കരുതെന്ന് പ്രൊഡ്യൂസർ അസോസിയേഷന്റെ അന്ത്യശാസനം. ഇതിനെ തൃണവത്ഗണിച്ച് സിനിമാ പ്രവർത്തനങ്ങളുമായി ന്യൂ ജനറേഷൻ സംവിധായകർ. സിനിമാ മേഖലയിൽ അനിശ്ചിതത്വത്തിനൊപ്പം സംഘടനകളും തലമുറയും തമ്മിലുള്ള സംഘർഷത്തിന്റെ കാറും കോളും നിറഞ്ഞ കൊറോണാക്കാലത്താണ് ലോഹിതദാസിന്റെ പതിനൊന്നാം ചരമവാർഷികവും കടന്ന് പോയത്.
ചാലക്കുടിയിൽ ജനിച്ച് പാലക്കാടിനെ പ്രണയിച്ച മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത ലോഹിയെന്ന സിനിമാ പ്രവർത്തകന്റെ ചരമവാർഷിക ദിനത്തിലും സംഘടനകളുടെ നിർദ്ദേശം അവഗണിച്ച് രണ്ടിടങ്ങളിലും ഷൂട്ടിംഗ് പ്രവർത്തനം പുരോഗമിക്കുകയാണ്. കോവിഡ് വ്യാപനത്താൽ അതീവ തീവ്ര മേഖലയായി പ്രഖ്യാപിച്ച തൃശൂർ നഗര മേഖലയിലാണ് ലാലും ജൂനിയർ ലാലും ചേർന്ന് സംവിധാനം ചെയ്യുന്ന സുനാമി എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ബിഷപ്പ് ഹൗസിനോട് ചേർന്ന വീടാണ് ലൊക്കേഷൻ. കോവിഡ് കാലത്തിന് മുമ്പ് ചിത്രീകരിച്ചതിന്റെ തുടർച്ചയാണ് നിയന്ത്രണങ്ങളോടു കൂടി ഇപ്പോൾ നടക്കുന്നത്. അജു വർഗീസ് അടക്കമുള്ള പ്രമുഖ താരങ്ങളും പങ്കെടുക്കുന്നുണ്ട്.
പി.സി. അഭിലാഷിന്റെ സിനിമയാണ് പാലക്കാട് കൊല്ലങ്കോട് പുരോഗമിക്കുന്ന മറ്റൊന്ന്. ലോഹിതദാസ്, ഭരതൻ തുടങ്ങിയ മുൻകാല പ്രമുഖ സംവിധാകാരുടെ കാലത്ത് തൃശൂർ -പാലക്കാട് മേഖലകളിൽ തളം കെട്ടിയ മലയാള സിനിമ പിന്നീട് കൊച്ചിയിലേക്കും ഇടുക്കിയിലേക്കും പറിച്ച് നട്ടിരുന്നു. നവസിനിമയിലെ പ്രമേയപരമായ മാറ്റവും ഇതിന് കാരണമായി. ചെലവ് താരതമ്യേന കുറവാണെന്നതായിരുന്നു ഇടുക്കിയുടെ പ്ലസ് പോയിന്റ്. എന്നാൽ ഈ സാഹചര്യങ്ങൾക്ക് മാറ്റം വന്നതോടെ സിനിമ വീണ്ടും തൃശൂർ -പാലക്കാട് മേഖലകളിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
നഗരവും ഗ്രാമവും ഒരേ പോലെ ദൃശ്യവത്ക്കരിക്കാൻ പറ്റുന്ന ഇടങ്ങളെന്ന നിലയിലാണ് ഈ രണ്ട് ജില്ലകളുടേയും സിനിമാ പ്രത്യേകത. അട്ടപ്പാടിയുടെ വന്യവും ഗ്രാമ്യവുമായ സൗന്ദര്യമത്രയും ഒപ്പിയെടുത്ത അയ്യപ്പനും കോശിയും വൻ വിജയമാണ് നേടിയത്. കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചിയുടെ അവസാന സിനിമയുമായി അത്. തൃശൂരും പാലക്കാടും വീണ്ടും സിനിമാപ്രവർത്തകരുടെ ഇഷ്ട ലൊക്കേഷനാകവെ ഹോട്ടൽ - ടൂറിസം മേഖലകളിൽ വൻ സാധ്യതകളാണ് തുറന്നിടുന്നത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ലക്ഷ്യമിട്ട് സിനിമകൾ ഒരുങ്ങുന്ന കൊറോണക്കാലത്ത് തിയറ്ററുകൾ നേരിടുന്നതും കനത്ത വെല്ലുവിളിയാണ്. ആദ്യകാല തിയറ്ററുകളടക്കം സജീവമായ തൃശൂരിലും പ്രതിസന്ധിയുടെ അനുരണങ്ങൾ പ്രകടമാണ്. ലോഹിയുടേയും സച്ചിയുടേയും ഓർമകൾക്ക് മുന്നിൽ കൈകൂപ്പുമ്പോൾ തന്നെ ഇക്കാലത്തേയും അതിജീവിക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് സിനിമാപ്രേമികൾ.






