
മുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ചെയര്മാന് സ്ഥാനമൊഴിഞ്ഞ ശശാങ്ക് മനോഹറിനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി മുന്‍ ഐസിസി ചെയര്‍മാനും ബിസിസിഐ പ്രസിഡന്റുമായ എന്‍.ശ്രീനിവാസന്. മുന്‍ ബിസിസിഐ പ്രസിഡന്റു കൂടിയായ ശശാങ്ക് മനോഹര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വരുത്തിവെച്ച നാശം കനത്തതാണെന്നും ശ്രീനിവാസന് കുറ്റപ്പെടുത്തി.
ഇന്ത്യന്‍ ക്രിക്കറ്റിന് വളരെയധികം നാശം വരുത്തിയ ശേഷമാണ് ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിയുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷത്തിന്റെ നിമിഷമാണ് ശ്രീനിവാസന് തുറന്നടിച്ചു.
'ബിസിസിഐയുടെ തലപ്പത്ത് പുതിയ ഭരണനേതൃത്വം എത്തിയതോടെ തന്റെ കാലം കഴിഞ്ഞെന്ന് ശശാങ്കിന് ബോധ്യമായി. സ്വന്തം ഇഷ്ടങ്ങള്‍ ഇനി നടക്കില്ലെന്നും അദേഹം മനസിലാക്കി. ഇനിയും ഒരവസരം കൂടി ലഭിക്കിലെലന്ന് ഉറപ്പായതോടെ അയാള്‍ ഓടി രക്ഷപ്പെടുകായാണ് ചെയ്തത്.. ശ്രീനിവാസന് പറഞ്ഞു. ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുള്ള സാമ്പത്തിക മേല്‍കൈയും ഐസിസിയില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന സ്വാധീനവും മനോഹര്‍ നശിപ്പിച്ചെന്ന് ശ്രീനിവാസന് കുറ്റപ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റിന് താന്‍ മൂലം സംഭവിച്ച നാശത്തെക്കുറിച്ച് ഇനിയെങ്കിലും സ്വസ്ഥമായിരുന്ന് ഒന്ന് ചിന്തിക്കാന്‍ ശശാങ്ക് മനോഹര്‍ തയാറാകണമെന്ന് മുന്‍ ബിസിസിഐ സെക്രട്ടറി നിരഞ്ജന് ഷായും ആവശ്യമുയര്‍ത്തി.





